PUDUKAD-NEWS-PUTHUKAD-NEWS

ടാറിൻ്റെ വിലയും കാലാവസ്ഥയും; റോഡുകളുടെ അറ്റകുറ്റപണി നീളും

ടാറിൻ്റെ വിലക്കയറ്റവും കാലാവസ്ഥയും; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ മോചനം നീളും.

ഇരിങ്ങാലക്കുട : റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിഘാതമായി പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ടാറിൻ്റെ വിലയിൽ ഉണ്ടായ ഭീമമായ വർധനയും. നിലവിലെ ടെണ്ടർ തുകയിൽ പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ കരാറുകാർ റോഡ് പണികൾ നിറുത്തി വച്ചതോടെ ഇരിങ്ങാലക്കുട നഗരസഭയിൽ അടക്കം തകർന്ന് കിടക്കുന്ന റോഡുകളുടെ മോചനം നീളുമെന്ന് ഉറപ്പായി. യുദ്ധത്തെ തുടർന്ന് ഒരു വീപ്പ ടാറിന് ഉണ്ടായിരുന്ന 9000 രൂപ 16000 ത്തോളാം രൂപയായി വർധിച്ചതായി കരാറുകാർ പറയുന്നു. ഇതേ തുടർന്ന് മാർച്ചിന് ശേഷം ഇരിങ്ങാലക്കുട നഗരസഭയിൽ കരാറുകാർ പുതിയ ടെണ്ടർ ഒന്നും എടുത്തിട്ടില്ല . പഴയ ടെണ്ടർ പണികൾ പൂർത്തീകരിക്കണമെങ്കിൽ അധികം വരുന്ന ചിലവുകൾ തദ്ദേശ വകുപ്പ് വഹിക്കണമെന്ന ആവശ്യം കരാറുകാർ ഉയർത്തിക്കഴിഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ആൾ കേരള കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിട്ടുമുണ്ട്. ദേശീയ പാത വികസന വിഷയത്തിൽ അനുകൂല ഉത്തരവ് വന്ന് കഴിഞ്ഞതായും കരാറുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് ഇരിങ്ങാലക്കുട നഗരസഭ ഭരണനേതൃത്വവും പുതിയ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുകൂല ഉത്തരവ് വരുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിക്കാൻ ഇടയില്ല. സർക്കാർ ഉത്തരവ് ഇറങ്ങിയാലും കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നും കരാറുകാർ വ്യക്തമാക്കിക്കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകൾ പൂർവസ്ഥിതിയിൽ ആക്കുമെന്നാണ് 2025 കഴിഞ്ഞ ഡിസംബറിൽ ചുമതലയേറ്റ വേളയിൽ ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി പ്രഖ്യാപിച്ചിരുന്നത്. പുതിയ സാഹചര്യങ്ങളിൽ പട്ടണവാസികൾക്ക് ദുരിതമായി മാറിയ റോഡുകളുടെ മോചനം ഇനിയും നീളുമെന്ന് തന്നെയാണ് സൂചന. രാജപാതയാക്കുമെന്ന് പ്രഖ്യാപിച്ച ഠാണാ കാട്ടൂർ ബൈപ്പാസ് റോഡിൻ്റെ ടെണ്ടർ പണികൾ അന്തിമഘട്ടത്തിലാണ്. എന്നാൽ മഴ ആരംഭിച്ച സാഹചര്യത്തിൽ ബൈപാസ് റോഡിൻ്റെ പൂർണ്ണമായ നിർമ്മാണവും നീളും. പൂർണ്ണമായും തകർന്ന് കിടന്നിരുന്ന ചില ഭാഗങ്ങൾ നഗരസഭ അധികൃതർ പുനർനിർമ്മിച്ചിട്ടുണ്ടെങ്കിലും കുഴികൾ നിറഞ്ഞ് യാത്രക്കാർക്ക് വെല്ലുവിളി ഉയർത്തുന്ന ഭാഗങ്ങൾ ഇനിയുമുണ്ട്. ക്വാറി വേസ്റ്റ് ഇട്ട് കുഴികൾ നികത്തുന്നത് നിലനിൽക്കുന്നില്ലെന്ന് ബോധ്യമായതോടെ ടൗൺ ഹാൾ റോഡിൽ അടക്കമുള്ള കുഴികളുടെ കാര്യത്തിലും നടപടി നീളുകയാണ്.

Spread the love
See also  മുരിയാട് പഞ്ചായത്തിൽ “വനിതാരാമം” ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top