അന്തിക്കാട് : പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തി സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി ആറരപ്പവനോളം വരുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപറമ്പിൽ വീട്ടിൽ സുജാത (28), ഇപ്പോൾ പടിഞ്ഞാറേ വെമ്പല്ലൂരിൽ താമസിക്കുന്ന പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്ത് വീട്ടിൽ റോജ (43) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
2026 ഓഗസ്റ്റ് 6-ന് ഉച്ചയ്ക്ക് 1.20-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂർ പുത്തൻകുളം സ്വദേശി വല്ലത്തുപറമ്പിൽ വീട്ടിൽ സ്വർണ്ണലത (70) എന്നിവരാണ് തട്ടിപ്പിന് ഇരയായത്. പുൽതൈലം വിൽക്കാനെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തിയ പ്രതികൾ, വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ട് ദിവസത്തിനകം ആവലാതിക്കാരിയുടെ രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയായിരുന്നു. സർപ്പകോപം തീർക്കാനായി സ്വർണം കൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർപ്പിക്കണമെന്ന് വിശ്വസിപ്പിച്ചു.
ഇത് വിശ്വസിച്ച് പരാതിക്കാരി തന്റെ കയ്യിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയും ഉൾപ്പെടെയുള്ള 6¾ പവൻ (ആറര പവനോളം) സ്വർണവും 6,500 രൂപയും വഴിപാടിനായി പ്രതികൾക്ക് കൈമാറി. ആകെ 6,75,000 രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായത്. പ്രതികൾ വീട്ടിൽ നിന്നും പോയതിനുശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് മനസ്സിലായത്.
തുടർന്ന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ അന്തിക്കാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. മോഷണ മുതലായ 48 ഗ്രാം സ്വർണ്ണം പ്രതികൾ വിൽപ്പന നടത്തിയ ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് വീണ്ടെടുത്തു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ എസ് ഐ മാരായ ഹാഷിഷ്, റിജി, ഋഷിപ്രസാദ്, സി പി ഒ മാരായ രേഷ്മ, കിരൺ, ശ്രീജിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



