കാട്ടൂരിൽ അതിമാരക രാസലഹരിയായ 20 ഗ്രാം MDMA പിടികൂടി; രണ്ട് പ്രതികൾ അറസ്റ്റിൽ.
Current: മലയാളം
കാട്ടൂർ : 03-06-2026 തിയ്യതി ഉച്ചക്ക് 02.50 മണിയോടെ കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം MDMA, ഇലക്ട്രോണിക് ത്രാസ്, MDMA ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, MDMA വിൽപ്പന നടത്തിയതിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരു ലക്ഷത്തി മുപ്പത്തിയാറായിരത്തി എഴുനൂറ്) രൂപ എന്നിവയും മറ്റും പിടിച്ചെടുത്തത്.
തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്ക് MDMA നൽകിയത് കാട്ടൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള എടതിരിഞ്ഞി പോത്താനി സ്വദേശി എടച്ചാലി വീട്ടിൽ അനന്തകൃഷ്ണൻ (25) എന്നയാളെയും കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
മിഥുൻ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിലും പൊതു സ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച കേസിലും പ്രതിയാണ്.
അനന്തകൃഷ്ണൻ കാട്ടൂർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണക്കേസിലും സ്ഫോടകവസ്തു നിയമപ്രകാരമുള്ള ഒരു കേസ്സിലും രണ്ട് അടിപിടിക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസിലും അടക്കം ആറ് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
കാട്ടൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ വിനോജ് എ, എസ് ഐ റഫീഖ് പി കെ, ജി എ എസ് ഐ മാരായ ശ്രീജിത്ത്, മിനി പി എ, എസ് സി പി ഒ മുസ്തഫ ഷൗക്കർ, ജി എസ് സി പി ഒ മാരായ ധനീഷ്, സിജു, സി പി ഒ മാരായ സിമി മോഹൻദാസ്, ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
