അന്തിക്കാട് : ഉപയോഗിക്കാൻ കൊടുത്ത ബൈക്ക് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ വടിവാൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. അന്തിക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഹിരത്തിനെയാണ് (25 വയസ്സ്) അന്തിക്കാട് പോലീസ് പിടികൂടിയത്. ആക്രമണത്തിൽ പടിയം ഓട്ടുപുരക്കൽ വീട്ടിൽ അക്ഷയിനാണ് (30 വയസ്സ്) പരിക്കേറ്റത്.
കഴിഞ്ഞ ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. അക്ഷയിന്റെ പിതാവിന്റെ പേരിലുള്ള ബൈക്ക് പ്രതിയായ ഹിരത്ത് ഉപയോഗിക്കാനായി വാങ്ങിയിരുന്നു. ഈ ബൈക്ക് തിരികെ ചോദിച്ചുകൊണ്ട് അക്ഷയ് ഹിരത്തിന്റെ വീട്ടിലെത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ പ്രതി വടിവാൾ വീശി അക്ഷയിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഈ സംഭവത്തിനാണ് ഹിരത്തിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഹിരത്ത് അന്തിക്കാട് , വലപ്പാട്, വാടാനപ്പിള്ളി പോലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമകേസും ഒരു അടിപിടി കേസും വിൽപ്പനക്കായി 2 കിലോ ഗഞ്ചാവ് സൂക്ഷിച്ചതിന് ഒരു കേസും അടക്കം 8 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം, സിവിൽ പോലീസ് ഓഫീസർമാരായ ഹസീബ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


