കൊടുങ്ങല്ലൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷം രൂപ വിലവരുന്ന ഇരുമ്പ് പൈപ്പുകളും ജാക്കിയും മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ലോകമലേശ്വരം ചെവ്വല്ലൂർ വീട്ടിൽ ജോജോ സാജൻ എന്ന് വിളിക്കുന്ന ഷാജനെയാണ് (37) പോലീസ് പിടികൂടിയത്.
കൊടുങ്ങല്ലൂർ എറിയാട് ഇളംതുരുത്തി വീട്ടിൽ ജോർജ് (64) എന്നയാൾ കോൺട്രാക്ട് വർക്ക് നടത്തുന്ന കൊടുങ്ങല്ലൂർ ഉണിപറമ്പത്ത് പടി എന്ന സ്ഥലത്തുള്ള വീടിന്റെ സൈറ്റിലായിരുന്നു മോഷണം നടന്നത്. 2025 ഡിസംബർ 31-നും 2026 ജനുവരി ഒൻപതിനും ഇടയിലുള്ള സമയത്താണ് ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഇരുമ്പ് പൈപ്പുകളും ജാക്കിയും പ്രതി മോഷ്ടിച്ചു കടത്തിയത്.
ജോർജിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊടുങ്ങല്ലൂർ പോലീസ് അന്വേഷണ സംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.
നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
സ്റ്റേഷൻ റൊഡിയായ ഷാജൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ ചെയ്ത ഒരു കേസും ഒരു അടിപിടി കേസും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് അഞ്ച് കേസും അടക്കം എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ , സബ്ബ് ഇൻസ്പെക്ടർ സാലിം കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻ നാഥ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


