29 ക്രിമിനൽക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

29 ക്രിമിനൽക്കേസുകളിലെ പ്രതിയും കയ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡിയുമായ എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ ധനേഷ് (42) നെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രതിയെ ഒരു വർഷത്തേക്ക് ജയിലിൽ അടയ്ക്കുന്നതിനുള്ള ഉത്തരവ് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ആണ് പുറപ്പെടുവിച്ചത്. തുടർനടപടികൾ പൂർത്തിയാക്കി പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി.
ധനേഷ് മതിലകം, കൈപ്പമംഗലം, വലപ്പാട്, കാട്ടൂർ, ചേർപ്പ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കവർച്ചക്കേസിലും, ഒമ്പത് വധശ്രമക്കേസുകളിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസ്സിലും, ഒമ്പത് അടിപിടിക്കേസുകളിലും, കാപ്പനിയപ്രകാരം നാടുകടത്തിയ രണ്ട് കേസിലും അടക്കം ഇരുപത്തിയൊമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കയ്പമംഗലം എസ്ഐ രഞ്ജിത്ത്, ജിഎസ് സിപിഒ രജനീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പിലാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു



