7 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ; മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 15,000 രൂപയും പിടിച്ചെടുത്തു

വലപ്പാട് : പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും വിദ്യാർഥികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കൈവശം സൂക്ഷിച്ചിരുന്ന 7 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കരയാമുട്ടം സ്വദേശി പനങ്ങാട് വീട്ടിൽ അഭിനവ് (24) എന്നയാളാണ് അറസ്റ്റിലായത്.
03.11.2026-ന് വൈകിട്ട് 4.30 മണിയോടെ വലപ്പാട് വില്ലേജിലെ കോതക്കുളം ബീച്ച് റോഡിൽ ഇല്ലിക്കുഴി എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് റോഡരികിൽ നിൽക്കുകയായിരുന്ന അഭിനവിനെ 7 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. പ്രതിയിൽനിന്ന് മയക്കുമരുന്ന് വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ചതെന്ന് കരുതുന്ന 15,000 രൂപയും പിടിച്ചെടുത്തു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരമുള്ള വകുപ്പുകൾക്കു പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 77-ാം വകുപ്പും കൂട്ടിച്ചേർത്ത് കേസെടുത്തു. തുടർനടപടികൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ പത്മരാജൻ പി കെ, വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മൗഷമി സി ആർ, എസ് ഐ അമൽരാജ്, ജി എ എസ് ഐ ധനേഷ് സി ജി, സി പി ഒ അശ്വിൻ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




