
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വന്തം തട്ടകമായ പറവൂരിൽ വെല്ലുവിളിക്കാൻ ശക്തനായ പൊതുസ്വതന്ത്രനെ രംഗത്തിറക്കണമെന്ന ആവശ്യവുമായി സിപിഎം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സതീശനെതിരെ കരുത്തുറ്റ പോരാട്ടം കാഴ്ചവെക്കാൻ പ്രാദേശിക സിപിഎം നേതൃത്വമാണ് ഈ നീക്കം മുന്നോട്ടുവെക്കുന്നത്. നിലവിൽ സിപിഐ മത്സരിക്കുന്ന സീറ്റ് ഇക്കുറി ഏറ്റെടുക്കണമെന്ന് സിപിഎമ്മിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ടെങ്കിലും, മണ്ഡലം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജില്ലാ നേതൃത്വത്തിന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.
പറവൂരിൽ സിപിഐ സ്ഥാനാർത്ഥികൾക്ക് കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തലാണ് സിപിഎം നേതൃത്വത്തിനുള്ളത്. മുൻപ് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മത്സരിച്ചിട്ടും വി.ഡി. സതീശനെ പരാജയപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ മുൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പേര് സിപിഐ വൃത്തങ്ങളിൽ സജീവമായി കേൾക്കുന്നുണ്ടെങ്കിലും, മണ്ഡലത്തിൽ സ്വാധീനമുള്ള ഒരു പൊതുസ്വതന്ത്രനെ കണ്ടെത്തി സതീശനെ ‘തളയ്ക്കണം’ എന്നാണ് സിപിഎം നിലപാട്. മണ്ഡലത്തിനകത്തുനിന്നുതന്നെ ഇടതുസഹയാത്രികരായ ചില വ്യക്തികളെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ സജീവമായി നടക്കുന്നുണ്ട്.
അതേസമയം, പറവൂർ മണ്ഡലത്തിലെ സിപിഐക്കുള്ളിലെ വിഭാഗീയത ഇടതുമുന്നണിക്ക് തലവേദനയാകുന്നുണ്ട്. പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ ബിനോയ് വിശ്വം നേരിട്ട് ഇടപെട്ടെങ്കിലും അസ്വാരസ്യങ്ങൾ പൂർണ്ണമായും മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ, സിപിഐ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായില്ലെങ്കിൽ അവരുടെ അക്കൗണ്ടിൽത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും ആലോചനകളുണ്ട്. ശക്തമായ മത്സരത്തിലൂടെ ഇക്കുറി പറവൂർ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഎം നേതൃത്വം.
The post പറവൂരിൽ സതീശനെ ‘തളയ്ക്കാൻ’ സിപിഎം തന്ത്രം; പൊതുസ്വതന്ത്രൻ വേണമെന്ന് ആവശ്യം, വിട്ടുകൊടുക്കാതെ സിപിഐ appeared first on Express Kerala.



