
മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായൂതി സഖ്യം ചരിത്രപരമായ മുന്നേറ്റം കാഴ്ചവെച്ചു. സംസ്ഥാനത്തെ 29 നഗരസഭകളിലായി നടന്ന വോട്ടെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 1372 വാർഡുകൾ പിടിച്ചെടുത്ത് കരുത്തറിയിച്ചു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 394 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, 315 സീറ്റുകൾ നേടിയ കോൺഗ്രസാണ് മൂന്നാം സ്ഥാനത്തുള്ളത്. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 149 സീറ്റുകൾ മാത്രമാണ് നേടാനായത്.
തെരഞ്ഞെടുപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിലും (ബിഎംസി) എൻഡിഎ സഖ്യം അധിപത്യം ഉറപ്പിച്ചു. ആകെയുള്ള 227 സീറ്റുകളിൽ 89 എണ്ണത്തിൽ ബിജെപി വിജയിച്ചപ്പോൾ, ഷിൻഡെ വിഭാഗം 29 സീറ്റുകൾ കൂടി നേടിയതോടെ കേവല ഭൂരിപക്ഷത്തിനാവശ്യമായ 114 എന്ന മാന്ത്രിക സംഖ്യ സഖ്യം മറികടന്നു. 1997 മുതൽ നീണ്ട 25 വർഷക്കാലം അവിഭക്ത ശിവസേന ഭരിച്ചിരുന്ന ഏഷ്യയിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപ്പറേഷനാണ് ഇതോടെ ബിജെപി സഖ്യം പിടിച്ചെടുത്തത്.
Also Read: മമത ബാനർജിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സുവേന്ദു അധികാരി; രാഷ്ട്രീയ പോര് മുറുകുന്നു
മുംബൈ നഗരത്തിൽ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് 65 സീറ്റുകൾ നേടിയ ഉദ്ധവ് താക്കറെയുടെ ശിവസേനയാണ്. എംവിഎ സഖ്യത്തിലുൾപ്പെട്ട കോൺഗ്രസ് 24 സീറ്റുകളും ശരദ് പവാറിന്റെ എൻസിപി ഒരു സീറ്റും മാത്രമാണ് നേടിയത്. രാജ് താക്കറെയുടെ എംഎൻഎസ് 6 സീറ്റുകൾ നേടിയപ്പോൾ അജിത് പവാറിന്റെ എൻസിപിക്ക് 3 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
The post 25 വർഷത്തെ ശിവസേന ഭരണം അവസാനിച്ചു; മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പിൽ മഹായൂതി തരംഗം appeared first on Express Kerala.



