
കായംകുളം വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന ആറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി മുൻ പ്രസിഡന്റും നഗരസഭ കൗൺസിലറുമായ നുജുമുദ്ദീൻ ആലുംമൂട്ടിലിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം സൊസൈറ്റിയുടെ ചാരുംമൂട് ബ്രാഞ്ച് ചുമതലക്കാരനായിരുന്ന ഹരികുമാറിനെയും പിടികൂടിയിട്ടുണ്ട്. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ, നിക്ഷേപകർക്ക് വൻ പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു ഇവർ ചെയ്തത്.
സൊസൈറ്റിയിൽ പണം നിക്ഷേപിച്ച വ്യാപാരികളും സാധാരണക്കാരും കാലാവധി കഴിഞ്ഞിട്ടും തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഏകദേശം 6.18 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സഹകരണ വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. നൂറനാട് സ്റ്റേഷനിൽ മാത്രം 18 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുക ആവശ്യപ്പെട്ടെത്തിയ നിക്ഷേപകരെ ഇവർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
Also Read: സായിയിലെ വിദ്യാർത്ഥികളുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം
നേരത്തെ ഒരു കേസിൽ ജാമ്യത്തിലിറങ്ങിയ നുജുമുദ്ദീൻ, പുതിയ പരാതികൾ ഉയർന്നതോടെ വീണ്ടും പിടിയിലാവുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയതിനെത്തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
The post കോടികളുടെ നിക്ഷേപ തട്ടിപ്പ്; കായംകുളം നഗരസഭ കൗൺസിലറും മാനേജറും അറസ്റ്റിൽ appeared first on Express Kerala.



