
ആപ്പിൾ തങ്ങളുടെ അടുത്ത ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ ഐഫോൺ 17ഇ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. 2026-ന്റെ ആദ്യ പകുതിയോടെ ഈ ഫോൺ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഐഫോൺ പ്രേമികളെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്. ഐഫോൺ 17 സീരീസിലെ മറ്റ് മോഡലുകൾക്ക് 120Hz പ്രോമോഷൻ ഡിസ്പ്ലേ ലഭിക്കുമ്പോൾ, 17e പതിപ്പിൽ 60Hz റിഫ്രഷ് റേറ്റ് മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന.
ഡിസ്പ്ലേയുടെ കാര്യത്തിൽ അല്പം പിന്നിലാണെങ്കിലും മറ്റ് ഫീച്ചറുകളിൽ ഐഫോൺ 17ഇ വിട്ടുവീഴ്ച ചെയ്യില്ല. 6.1 ഇഞ്ച് എൽടിപിഎസ് ഒഎൽഇഡി പാനലായിരിക്കും ഇതിലുണ്ടാകുക. കൂടാതെ ആപ്പിളിന്റെ ഏറ്റവും പുതിയ A19 പ്രോസസർ ഈ ഫോണിൽ ഉൾപ്പെടുത്തിയേക്കും. ഐഫോൺ 16ഇ മോഡലിന് സമാനമായി ഡിസ്പ്ലേയിൽ ഡൈനാമിക് ഐലൻഡ് ഫീച്ചറും ലഭ്യമാകും.
Also Read: നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആരെല്ലാം പങ്കുവെച്ചു? ‘പ്രൈവസി ചെക്ക്’ ഫീച്ചറുമായി വാട്സ്ആപ്പ്
ക്യാമറയുടെ കാര്യമെടുത്താൽ, 48 മെഗാപിക്സൽ മെയിൻ ക്യാമറയും 12 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സൗകര്യവും ഇതിലുണ്ടാകും. ഐപി68 റേറ്റിംഗ് ഉള്ള വാട്ടർ ആന്റ് ഡസ്റ്റ് റെസിസ്റ്റൻസ്, ഫേസ് ഐഡി തുടങ്ങിയ പ്രീമിയം സൗകര്യങ്ങളും ഈ ബജറ്റ് ഫോണിന്റെ പ്രത്യേകതകളായിരിക്കും.
ലോഞ്ച് തീയതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, 2026 ഫെബ്രുവരി അവസാനത്തോടെ ഐഫോൺ 17ഇ പുറത്തിറങ്ങാനാണ് സാധ്യത. തുടർന്ന് മാർച്ച് ആദ്യ വാരം മുതൽ ഇത് വിപണിയിൽ ലഭ്യമായേക്കും. വില കുറഞ്ഞ ഐഫോൺ മോഡലുകൾക്കായി കാത്തിരിക്കുന്നവർക്ക് ഇതൊരു മികച്ച വാർത്തയാണെങ്കിലും 60Hz ഡിസ്പ്ലേ എന്നത് പലരെയും നിരാശപ്പെടുത്തിയേക്കാം.
The post ഐഫോൺ 17ഇ ഉടൻ എത്തുന്നു; പക്ഷേ ഈ ഒരു ഫീച്ചർ നിരാശപ്പെടുത്തിയേക്കാം! appeared first on Express Kerala.



