
ഇപിഎഫ്ഒ വരിക്കാർക്ക് ആശ്വാസമായി പ്രൊവിഡന്റ് ഫണ്ട് തുക ഇനി യുപിഐ വഴി അതിവേഗം പിൻവലിക്കാം. വരാനിരിക്കുന്ന ഏപ്രിൽ മാസം മുതൽ ഈ സേവനം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വെബ്സൈറ്റ് വഴി അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരുന്നാൽ മാത്രമേ തുക ബാങ്ക് അക്കൗണ്ടിലെത്തുമായിരുന്നുള്ളൂ. പുതിയ സംവിധാനം വരുന്നതോടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ യുപിഐ പിൻ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. കൂടാതെ എടിഎം വഴി പണം പിൻവലിക്കാനുള്ള സൗകര്യവും ഇപിഎഫ്ഒ പരിഗണിക്കുന്നുണ്ട്.
ബാങ്കിങ് സേവനങ്ങൾക്ക് സമാനമായ രീതിയിൽ വരിക്കാർക്ക് തങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാനും അർഹമായ തുക അക്കൗണ്ടിലേക്ക് മാറ്റാനും ഈ സംവിധാനം വഴിയൊരുക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഎൻ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ പണം കൈമാറാൻ കഴിയൂ. ഇതിനായി മൾട്ടി ലെവൽ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. പ്രതിവർഷം അഞ്ച് കോടിയോളം പിൻവലിക്കൽ അപേക്ഷകളാണ് ഇപിഎഫ്ഒയ്ക്ക് ലഭിക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം വലിയ രീതിയിൽ കുറയും.
Also Read: കുതിച്ചുയർന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്; മൂന്നാം പാദത്തിൽ അറ്റാദായം 18,653 കോടി രൂപ കടന്നു
വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ തുക പിൻവലിക്കാവുന്ന ‘ഓട്ടോ ക്ലെയിം സെറ്റിൽമെന്റ്’ പരിധി അടുത്തിടെ ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുപിഐ സൗകര്യം കൂടി വരുന്നത്. ഏഴ് കോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാർക്ക്, പ്രത്യേകിച്ച് അടിയന്തരമായി പണം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ ഈ പുതിയ നീക്കം വലിയ ആശ്വാസമാകും.
The post പിഎഫ് പണം ഇനി യുപിഐ വഴി പിൻവലിക്കാം; ഏപ്രിൽ മുതൽ വിപ്ലവകരമായ മാറ്റവുമായി ഇപിഎഫ്ഒ appeared first on Express Kerala.



