ഇടുക്കി ഉപ്പുതറയിൽ വീട്ടമ്മയെ വീടിനുള്ളിലെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കടുവാക്കാനം നെടുങ്ങഴിയിൽ ജോർജ് ജോസഫിന്റെ ഭാര്യ വസീന (43) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഏലത്തിന് കീടനാശിനി തളിക്കാൻ ഉപയോഗിക്കുന്ന മോട്ടറന് വേണ്ടി വാങ്ങി വെച്ച പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയെന്നാണ് പ്രാഥമിക നിഗമനം.
ലോഡിംഗ് തൊഴിലാളിയായ ഭർത്താവ് ജോർജ് ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീടിനുള്ളിൽ ഭാര്യയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ, ശുചിമുറിയിൽ ടാപ്പ് തുറന്നിട്ട നിലയിൽ വസീനയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read: സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും: മന്ത്രി ജി.ആർ. അനിൽ
നാല് വർഷം മുൻപാണ് ജോർജും കായംകുളം സ്വദേശിയായ വസീനയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വസീനയ്ക്ക് ദീർഘകാലമായി മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായും ഇതിനായി ചികിത്സ തേടിയിരുന്നതായും ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
The post ഇടുക്കിയിൽ വീട്ടിലെ ശുചിമുറിക്കകത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം appeared first on Express Kerala.



