
മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ആക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസിലെ’ ഏറ്റവും പുതിയ ഗാനമായ ‘നെഞ്ചിലെ’ പുറത്തിറങ്ങി. ബോളിവുഡിലെ പ്രശസ്ത സംഗീത കൂട്ടുകെട്ടായ ശങ്കർ-ഇഹ്‌സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ഈ മനോഹര മെലഡി ശങ്കർ മഹാദേവൻ, വിജയ് യേശുദാസ്, അനൂപ് ശങ്കർ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നത് ജോണി വർഗീസാണ്. ടി-സീരീസ് സംഗീതാവകാശം സ്വന്തമാക്കിയ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിട്ടുണ്ട്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് റെസ്ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ‘വാൾട്ടർ’ എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. റെസ്ലിങ് ലോകത്തെ ആവേശവും ഡ്രാമയും ഒട്ടും ചോരാതെ വലിയ ക്യാൻവാസിലാണ് അദ്വൈത് നായർ ഒരുക്കിയിരിക്കുന്നത്.
Also Read: ചിരിയുടെ പൂരം തീർക്കാൻ ‘ഓട്ടം തുള്ളൽ’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണനും ഷിഹാൻ ഷൗക്കത്തും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം 2026 ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ട്രെയ്‌ലർ ലോഞ്ചിന് ലഭിച്ച മികച്ച പ്രതികരണം ചിത്രം ഒരു പുതിയ ദൃശ്യാനുഭവമാകുമെന്ന പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
The post ചത്താ പച്ച ചിത്രത്തിലെ ഗാനം പുറത്ത് appeared first on Express Kerala.



