
ശിവകാർത്തികേയന്റെ ‘പരാശക്തി’, കാർത്തിയുടെ ‘വാ വാധ്യാർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളോട് ഏറ്റുമുട്ടി തമിഴ് ബോക്സ് ഓഫീസിൽ അപ്രതീക്ഷിത വിജയം കൊയ്തിരിക്കുകയാണ് ജീവ നായകനായ ‘തലൈവർ തമ്പി തലൈമയിൽ’. ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ക്ലീൻ കോമഡി ഫാമിലി എന്റർടൈനറായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വലിയ ഹൈപ്പുകളില്ലാതെ എത്തിയ ചിത്രം ആദ്യ ദിനം 1.75 കോടി നേടിയപ്പോൾ, രണ്ടാം ദിനം തന്നെ കളക്ഷൻ 3.2 കോടിയായി വർധിപ്പിച്ചു. നിലവിൽ 5 കോടിക്ക് മുകളിൽ കളക്ഷൻ നേടി സിനിമ കുതിപ്പ് തുടരുകയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ജീവയുടെ അതിശക്തമായ തിരിച്ചുവരവിനാണ് തമിഴ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. റിലീസ് ചെയ്ത ഭൂരിഭാഗം കേന്ദ്രങ്ങളിലും ചിത്രം ഹൗസ്ഫുള്ളായി തുടരുകയാണ്. വെറും 300-ൽ താഴെ സ്ക്രീനുകളിൽ മാത്രം റിലീസ് ചെയ്ത സിനിമ, ബുക്കിംഗിലും വലിയ ചിത്രങ്ങളെ മറികടന്നു എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ വൻ സ്വീകാര്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സ്ക്രീൻ കൗണ്ട് വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ജീവയുടെ കരിയറിലെ തന്നെ മികച്ച ഓപ്പണിംഗ് നേടിയ ചിത്രങ്ങളിൽ ഒന്നായി ഇത് മാറിക്കഴിഞ്ഞു.
Also Read: 13 വർഷത്തെ കാത്തിരിപ്പിന് വിരാമം! മോഹൻലാൽ-മീര ജാസ്മിൻ ഹിറ്റ് കോംമ്പോ വീണ്ടും ഒന്നിക്കുന്നു!
ഒരു ഗ്രാമവും അവിടെ നടക്കുന്ന വിവാഹവും പശ്ചാത്തലമാക്കി ഒരുങ്ങിയ ഈ ചിത്രം പ്രേക്ഷകരെ വയററിഞ്ഞു ചിരിപ്പിക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ‘പ്രേമലു’ ഫെയിം വിഷ്ണു വിജയ് ഒരുക്കിയ സംഗീതം സിനിമയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം കണ്ണൻ രവി പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു മലയാള സിനിമയുടെ ഫീൽ നൽകുന്ന ഈ കൊച്ചു ചിത്രം ഫാമിലി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതോടെ ഇത്തവണത്തെ പൊങ്കൽ വിന്നറായി ജീവ മാറിയിരിക്കുകയാണ്.
The post പൊങ്കൽ പോരാട്ടത്തിൽ ജീവയുടെ തേരോട്ടം; ബോക്സ് ഓഫീസിൽ തരംഗമായി ‘തലൈവർ തമ്പി തലൈമയിൽ’! appeared first on Express Kerala.



