
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ എൻഎസ്എസ് – എസ്എൻഡിപി കൂട്ടുകെട്ട് അനിവാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട ഏത് ചർച്ചയ്ക്കും താൻ തയ്യാറാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മുൻപ് ഇരു സമുദായങ്ങളും തമ്മിലുണ്ടായിരുന്ന ഐക്യം തകർന്നത് സംവരണ വിഷയത്തിലാണെന്നും, അതിന് പിന്നിൽ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ താല്പര്യങ്ങളായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നായർ-ഈഴവ ഐക്യത്തോട് ലീഗ് നേതൃത്വത്തിന് ഒരിക്കലും യോജിപ്പില്ലായിരുന്നുവെന്നും അത് തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ മുസ്ലീം ലീഗ് തന്നെയും എസ്എൻഡിപി യോഗത്തെയും ചതിക്കുകയായിരുന്നുവെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. മുസ്ലീം ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കായി പല സമരങ്ങളിലും തങ്ങൾ പങ്കാളികളായെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. മലപ്പുറത്തെ തന്റെ പരാമർശങ്ങൾ വക്രീകരിക്കപ്പെട്ടതാണെന്നും താൻ ഒരു മുസ്ലീം വിരോധിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനത്തിൽ വർഗീയതയ്ക്ക് സ്ഥാനമില്ലെന്നും തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള വി.ഡി. സതീശന്റെ ശ്രമങ്ങൾക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read: ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറെടുത്ത് പിവി അൻവർ
താൻ വർഗീയവാദിയാണെന്ന് എ.കെ. ആന്റണിയോ വേണുഗോപാലോ രമേശ് ചെന്നിത്തലയോ പറയട്ടെ എന്ന് വെള്ളാപ്പള്ളി വെല്ലുവിളിച്ചു. സമുദായങ്ങളുടെ അവകാശം പിടിച്ചുപറ്റാനല്ല, മറിച്ച് നമ്പൂതിരി മുതൽ നായാടി വരെയുള്ളവരുടെ ഐക്യമാണ് എസ്എൻഡിപി ലക്ഷ്യമിടുന്നത്. ഇടതുപക്ഷം അധികാരത്തിൽ വന്നതിനുശേഷം കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. വരും ദിവസങ്ങളിൽ എൻഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്ന സൂചനയോടെയാണ് അദ്ദേഹം സംസാരിച്ചു അവസാനിപ്പിച്ചത്.
The post എൻഎസ്എസ് – എസ്എൻഡിപി ഐക്യം അനിവാര്യം; മുസ്ലീം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.



