പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശൻ, സഭാ സിനഡ് യോഗത്തിൽ പോയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വർഗീയതയെക്കുറിച്ച് സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും കോൺഗ്രസ് അദ്ദേഹത്തെ ഇങ്ങനെ അഴിച്ചുവിടുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ കോട്ടയത്ത് പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ എൻഎസ്എസ് നേതൃത്വവും സതീശനെതിരെ രംഗത്തെത്തിയത് രാഷ്ട്രീയ കേരളത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
എസ്എൻഡിപി – എൻഎസ്എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സുകുമാരൻ നായർ സ്വാഗതം ചെയ്തു. സമുദായങ്ങൾ തമ്മിലുള്ള ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എൻഎസ്എസ് അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അദ്ദേഹം തള്ളി. മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസ്സമായത്. നിലവിൽ രാഷ്ട്രീയമില്ലാത്ത ‘സമദൂര’ നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ സമുദായ ഐക്യത്തിനായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post സതീശന് എന്ത് യോഗ്യത? വെള്ളാപ്പള്ളിയുമായുള്ള ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജി. സുകുമാരൻ നായർ appeared first on Express Kerala.



