
ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷകളോടെ എത്തിയ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയ്ക്ക് തുടക്കത്തിൽ കനത്ത തിരിച്ചടി. കമ്പനി പുറത്തിറക്കിയ മോഡൽ വൈ എസ്‌യുവിക്ക് വിപണിയിൽ പ്രതീക്ഷിച്ച ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. ആദ്യ ബാച്ചിലെ 300 യൂണിറ്റുകളിൽ 100 എണ്ണം വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ, സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാൻ രണ്ട് ലക്ഷം രൂപ വരെ ഇളവാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന ഇറക്കുമതി തീരുവ കാരണം 59.89 ലക്ഷം മുതൽ 67.89 ലക്ഷം രൂപ വരെ നീളുന്ന എക്സ്-ഷോറൂം വിലയും മറ്റ് നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരവുമാണ് ടെസ്‌ലയുടെ തിരിച്ചടിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
നിലവിൽ റിയർ വീൽ ഡ്രൈവ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. റിയൽ വീൽ ഡ്രൈവ് മോഡലിന് 500 കിലോമീറ്ററും ലോങ് റേഞ്ച് മോഡലിന് 622 കിലോമീറ്ററുമാണ് ഡബ്ല്യുഎൽടിപി റേഞ്ച് അവകാശപ്പെടുന്നത്. മികച്ച വേഗതയും സൂപ്പർചാർജർ ഉപയോഗിച്ചുള്ള ദ്രുതഗതിയിലുള്ള ചാർജിംഗും ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. എന്നിരുന്നാലും, ഡൽഹിയിലും മുംബൈയിലും ഷോറൂമുകൾ തുറന്നുകൊണ്ട് പ്രവർത്തനം തുടങ്ങിയ ടെസ്‌ലയ്ക്ക്, ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള വിലക്കുറവിൽ വാഹനങ്ങൾ എത്തിക്കാൻ കഴിയാത്തത് വെല്ലുവിളിയായി തുടരുകയാണ്.
The post ഇന്ത്യയിൽ ടെസ്‌ലയുടെ തുടക്കം പാളുന്നു; ആദ്യ ബാച്ചിലെ വാഹനങ്ങൾ വിറ്റഴിക്കാൻ പെടാപ്പാട് appeared first on Express Kerala.



