
കുവൈത്ത് : കുവൈത്തി പൗരനുമായുള്ള തർക്കത്തെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവാസിക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിച്ചു. ഒരു ഗവർണറേറ്റിൽ നടന്ന സംഭവത്തിൽ, കുവൈത്തി സ്വദേശിയുമായുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും ഇതിൽ മനംനൊന്ത് പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
സുഹൃത്തുക്കളായിരുന്ന സ്വദേശിയും പ്രവാസിയും തമ്മിൽ ഒരു വിഷയത്തെച്ചൊല്ലി തർക്കം ഉടലെടുത്തു. ഇത് പിന്നീട് കയ്യാങ്കളിയായി മാറുകയും സ്വദേശി പ്രവാസിയെ ശാരീരികമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റതിലും പരസ്യമായി അപമാനിക്കപ്പെട്ടതിലും ഉണ്ടായ കടുത്ത മാനസിക വിഷമമാണ് പ്രവാസിയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read: ‘ഹവ അൽ മനാമ’ വിജയം: സംഘാടകരെ അഭിനന്ദിച്ച് ഹമദ് രാജാവ്
സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നൽകി. തുടർന്ന് പോലീസ് സ്റ്റേഷനിൽ നടത്തിയ അന്വേഷണത്തിൽ സ്വദേശിയുടെ മർദ്ദനവും പ്രവാസിയുടെ ആത്മഹത്യാ ശ്രമവും സ്ഥിരീകരിച്ചു. എന്നാൽ, രാജ്യത്തെ നിയമമനുസരിച്ച് ആത്മഹത്യാ ശ്രമം കുറ്റകരമായതിനാൽ ഇയാൾക്കെതിരെ കേസെടുക്കുകയും നാടുകടത്താനായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
The post കുവൈത്തിൽ സ്വദേശിയുമായുള്ള തർക്കം; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രവാസിയെ നാടുകടത്താൻ ഉത്തരവ് appeared first on Express Kerala.



