
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്നും സ്ഥാനാർത്ഥികളുടെ ടേം ഇളവ് സംബന്ധിച്ച ചർച്ചകൾ നിലവിൽ നടന്നിട്ടില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അറിയിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും കേന്ദ്രസർക്കാർ കേരളത്തിന്മേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ തുറന്നുകാട്ടിയും മൂന്നാം തവണയും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിക്കുമെന്നും ബംഗാളിലെ കോൺഗ്രസ് സഹകരണം അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തിന് മൃദുഹിന്ദുത്വ നിലപാടാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണം നടത്തുന്നവർക്ക് ദൃഢഹിന്ദുത്വമാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ കഴിഞ്ഞ പത്തുവർഷമായി വർഗീയ സംഘർഷങ്ങൾ ഇല്ലാത്തത് ഇടതുപക്ഷത്തിന്റെ മികവാണെന്ന് ബേബി ചൂണ്ടിക്കാട്ടി. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് വർധിച്ചുവരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഹിന്ദുത്വ വർഗീയ സംഘങ്ങളാണെന്നും ബിജെപി സർക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
Also Read: സിപിഎമ്മിൽ പലതും സഹിച്ചു, ഇനി ബിജെപിയിൽ; അംഗത്വമെടുത്ത് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ
കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മുസ്ലിം ലീഗിനെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തെ എം.എ. ബേബി ന്യായീകരിച്ചു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെയാണ് സജി ചെറിയാൻ വിമർശിച്ചതെന്നും മത സംഘടനകളെ ഇടതുപക്ഷം ചേർത്തുപിടിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടത്തെയും കേന്ദ്രത്തിന്റെ ലേബർ കോഡുകൾ നടപ്പിലാക്കില്ലെന്ന തീരുമാനത്തെയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. ഫെബ്രുവരി 12-ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്കിന് പാർട്ടി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കൂടാതെ, തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ രാജ്യവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
The post തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിണറായി നയിക്കും; മൃദുഹിന്ദുത്വ ആരോപണം ഉന്നയിക്കുന്നവർക്ക് ദൃഢഹിന്ദുത്വമെന്ന് എം.എ. ബേബി appeared first on Express Kerala.



