
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നാടകീയ നീക്കങ്ങൾക്കൊടുവിൽ കൊടിക്കുന്നിൽ സുരേഷ് എംപി സന്ദർശനം നടത്തി. നേരത്തെ ആസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടതോടെ കാർ റിവേഴ്‌സ് എടുത്ത് മടങ്ങിപ്പോയത് വലിയ ചർച്ചയായിരുന്നു. എന്നാൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം വീണ്ടും ആസ്ഥാനത്തെത്തുകയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
എൻഎസ്എസ് ആസ്ഥാനം തനിക്ക് കുടുംബവീട് പോലെയാണെന്നും ചങ്ങനാശ്ശേരി ഭാഗത്ത് വരുമ്പോഴെല്ലാം സെക്രട്ടറിയെ കാണാറുണ്ടെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു. മാധ്യമങ്ങളെ കണ്ടപ്പോൾ മടങ്ങിയത് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതല്ലെന്നും ജി. സുകുമാരൻ നായരുമായി വ്യക്തിപരമായ സൗഹൃദം പുതുക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസും എസ്എൻഡിപിയും ഐക്യത്തോടെ നീങ്ങാൻ തീരുമാനിച്ചതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചതുമായ സാഹചര്യത്തിലായിരുന്നു കൊടിക്കുന്നിലിന്റെ ഈ സന്ദർശനം. പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയെങ്കിലും, സാമുദായിക നേതാക്കളും പ്രതിപക്ഷ നേതാവും തമ്മിലുള്ള പോര് മുറുകുന്നതിനിടെ കൊടിക്കുന്നിൽ സുരേഷ് ആസ്ഥാനത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.
The post നാടകീയ നീക്കങ്ങൾക്കൊടുവിൽ കൊടിക്കുന്നിൽ എൻഎസ്എസ് ആസ്ഥാനത്ത്; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി appeared first on Express Kerala.



