
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ നിർണായകമായ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ ഉൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലമാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. സ്വർണ്ണപ്പാളികളിൽ നിന്ന് വൻതോതിൽ സ്വർണം നഷ്ടപ്പെട്ടതായും ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്നതിലും ഈ റിപ്പോർട്ട് വ്യക്തത നൽകും. കൂടാതെ, തന്ത്രി കണ്ഠര് രാജീവർ, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിന് ശേഷമുള്ള നടപടികളും 2012-ലെ ബോർഡ് ഉത്തരവ് ലംഘിച്ച് വാജി വാഹനം കൈമാറിയതിൽ അജയ് തറയിൽ അടക്കമുള്ളവർക്കുള്ള പങ്കും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തും.
അതേസമയം, അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കവർച്ചയിൽ തന്ത്രിക്ക് പങ്കില്ലെന്നും റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതവുമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. വാജി വാഹനം തൊണ്ടിമുതലായി ഹാജരാക്കിയതിലെ നിയമപരമായ സങ്കീർണ്ണതകൾ അന്വേഷണ സംഘത്തിന് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഈ ഹർജി പരിശോധിക്കുന്നത്. ഇതോടൊപ്പം, കട്ടിളപ്പാളി കേസിലെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ ജാമ്യാപേക്ഷയിലും ഇന്ന് കോടതി തീരുമാനമെടുക്കും.
The post ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ appeared first on Express Kerala.



