
വിശാഖപട്ടണത്ത് നടന്ന സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് (CCL) മത്സരത്തിൽ മുംബൈ ഹീറോസിനെ ഏഴ് വിക്കറ്റിന് തകർത്ത് കേരള സ്ട്രൈക്കേഴ്സ് ഉജ്ജ്വല വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഹീറോസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 19.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
മുംബൈ നിരയിൽ 58 റൺസെടുത്ത തൊമർ നവ്ദീപാണ് ടോപ് സ്കോറർ. ശരദ് കെൽക്കർ (38), സാക്വിബ് സലീം (29) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ ഉണ്ണി മുകുന്ദന്റെയും അരുൺ ബെന്നിയുടെയും തകർപ്പൻ ബൗളിംഗ് പ്രകടനം മുംബൈയെ നിയന്ത്രിച്ചു നിർത്തി. ഇരുവരും മൂന്ന് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. കഴിഞ്ഞ സീസണുകളിൽ കേരളത്തിന്റെ കരുത്തായിരുന്ന രാജീവ് പിള്ള മുംബൈക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റത്തിൽ റണ്ണൗട്ടായി മടങ്ങിയത് ശ്രദ്ധേയമായി.
Also Read: ഇൻഡോറിൽ കിവീസ് കരുത്തിന് മുന്നിൽ പതറി ഇന്ത്യ; മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ
മറുപടി ബാറ്റിംഗിൽ തകർപ്പൻ ഫോമിലായിരുന്ന മദൻ മോഹന്റെയും വിവേക് ഗോപന്റെയും ബാറ്റിംഗാണ് കേരളത്തിന് വിജയം അനായാസമാക്കിയത്. 30 പന്തിൽ നിന്ന് 5 സിക്സറുകളും 7 ഫോറുകളുമടക്കം 74 റൺസെടുത്ത് മദൻ മോഹൻ പുറത്താകാതെ നിന്നു. വിവേക് ഗോപൻ 38 റൺസ് നേടി മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്നുണ്ടാക്കിയ 102 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.
തുടക്കത്തിൽ ഓപ്പണർമാരായ ഉണ്ണി മുകുന്ദനും (18) അർജുൻ നന്ദകുമാറും (29) നല്ല തുടക്കം നൽകിയെങ്കിലും അഞ്ചാം ഓവറിൽ ഉണ്ണിയെ നഷ്ടമായി. തുടർന്ന് ജീൻ പോൾ ലാൽ (21) ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യ ഓവറുകളിൽ മദനും വിവേകും ചേർന്നതോടെ കേരളം വിജയമുറപ്പിച്ചു. അവസാന നിമിഷം കലാഭവൻ പ്രജോദിനെ സാക്ഷിയാക്കി മദൻ മോഹൻ കേരള സ്ട്രൈക്കേഴ്സിനെ വിജയതീരത്തെത്തിച്ചു.
The post സി.സി.എൽ പോരാട്ടം! മുംബൈ ഹീറോസിനെ വീഴ്ത്തി കേരള സ്ട്രൈക്കേഴ്സ്; തിളങ്ങി ഉണ്ണി മുകുന്ദനും അരുൺ ബെന്നിയും appeared first on Express Kerala.



