
തിരക്കുള്ള ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. താൻ നിരപരാധിയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ സാഹചര്യത്തെ ധൈര്യപൂർവ്വം നേരിടണമായിരുന്നുവെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. സുഹൃത്തിന് രക്തം ദാനം ചെയ്ത് മടങ്ങുന്നതിനിടെയാണ് യുവാവിനെതിരെ ആരോപണമുണ്ടാകുന്നത്. യുവതി പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ മാനസിക സമ്മർദ്ദത്തിലായ യുവാവ് മരണത്തെ അഭയം പ്രാപിക്കുകയായിരുന്നു.
പുരുഷന്മാർക്ക് ഈ സംഭവം വലിയൊരു പാഠമാണെന്നും സ്ത്രീകളോട് ഇടപെടുമ്പോൾ പരമാവധി ജാഗ്രത പാലിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഓർമ്മിപ്പിച്ചു. ഒരു ആരോപണം ഉയർന്നു വന്നാൽ കോടതിയോ പൊലീസോ മാധ്യമങ്ങളോ പെട്ടെന്ന് കൂടെ നിൽക്കണമെന്നില്ല. സ്ത്രീകളെപ്പോലെ തന്നെ പുരുഷനും അന്തസ്സുണ്ടെന്നും, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുമ്പോൾ ഒരു വിഭാഗം ആളുകളെങ്കിലും അത് സത്യമാണെന്ന് വിശ്വസിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം നടത്തുകയാണ് വേണ്ടതെന്നും പുരുഷന്മാർക്ക് ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ
സ്ത്രീ സുരക്ഷാ നിയമങ്ങൾ ആരും ദുരുപയോഗം ചെയ്യരുതെന്ന് പണ്ഡിറ്റ് തന്റെ കുറിപ്പിൽ പ്രത്യേകം അഭ്യർത്ഥിച്ചു. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഭാവിയിൽ യഥാർത്ഥത്തിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാകും. ഏതെങ്കിലും പുരുഷനിൽ നിന്ന് മോശം അനുഭവം ഉണ്ടായാൽ വീഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ റീച്ചും പണവും ഉണ്ടാക്കാൻ ശ്രമിക്കാതെ, ഉടൻ തന്നെ പൊലീസിലോ കോടതിയിലോ പരാതി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും എന്നാൽ നിരപരാധികൾ ക്രൂശിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വൈറലാകാൻ വേണ്ടി എന്ത് നെറികേടും കാട്ടുന്ന പ്രവണതയെ വിമർശിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തെത്തി. യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ പകർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ത്രീയുടെ പ്രവർത്തി ശരിയല്ലെന്ന് അവർ തുറന്നടിച്ചു. നിരപരാധിയായ ഒരു യുവാവ് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം സമൂഹത്തിന് വലിയൊരു ചോദ്യചിഹ്നമാണെന്നും അവർ അഭിപ്രായപ്പെട്ടു.
The post “സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യരുത്, പുരുഷനും അന്തസ്സുണ്ട്”: സന്തോഷ് പണ്ഡിറ്റ് appeared first on Express Kerala.



