
അബു സംറ അതിർത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് നടപടികൾ പൂർണ്ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നു. ഖത്തർ ഏകീകൃത ഇൻഷുറൻസ് ബ്യൂറോ അവതരിപ്പിച്ച ‘എംസാർ’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഈ വർഷം ഫെബ്രുവരി 1 മുതലാണ് പുതിയ പരിഷ്കാരം നിലവിൽ വരുന്നത്. അതിർത്തിയിലെ തിരക്ക് കുറയ്ക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. ഇതോടെ സന്ദർശകർക്ക് അതിർത്തിയിൽ എത്തുന്നതിന് മുൻപ് തന്നെ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.
ഒരാഴ്ച മുതൽ ഒരു മാസം വരെയുള്ള കാലയളവിലേക്ക് ഇൻഷുറൻസ് ആവശ്യമുള്ള ഹ്രസ്വകാല സന്ദർശകർ ഇനി മുതൽ ഓൺലൈനായി മാത്രമേ പോളിസി എടുക്കാവൂ. ഇത്തരക്കാർക്ക് അതിർത്തിയിലെ കൗണ്ടറുകളിൽ നിന്നും നേരിട്ട് ഇൻഷുറൻസ് ലഭ്യമാകില്ല. എന്നാൽ ഒരു മാസത്തിൽ കൂടുതൽ കാലാവധിയുള്ള പോളിസികൾ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴിയോ അതിർത്തിയിലെ പ്രത്യേക കൗണ്ടറുകൾ വഴിയോ ഇൻഷുറൻസ് എടുക്കാനുള്ള സൗകര്യമുണ്ടാകും. ‘എംസാർ’ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ ഈ സേവനം പ്രയോജനപ്പെടുത്താം.
Also Read: കുതിച്ചുയർന്ന് റാസൽഖൈമ വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ 51% വർധന, സർവകാല റെക്കോർഡ്
ഡിജിറ്റലായി പണമടയ്ക്കാനും പോളിസി രേഖകൾ ഡൗൺലോഡ് ചെയ്യാനും പ്ലാറ്റ്‌ഫോമിൽ സൗകര്യമുണ്ട്. കൂടാതെ, ഓൺലൈനായി ഇൻഷുറൻസ് എടുത്ത് വരുന്ന വാഹനങ്ങൾക്കായി അബു സംറ അതിർത്തിയിൽ പ്രത്യേക പാതകളും സജ്ജീകരിച്ചിട്ടുണ്ട്. അബു സംറയെ ഒരു ‘സ്മാർട്ട് പോർട്ട്’ ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യാത്ര റദ്ദാക്കുകയാണെങ്കിൽ ഇൻഷുറൻസ് തുക തിരികെ ലഭിക്കുന്നതിനും ആപ്പിൽ സൗകര്യമുണ്ട്. മെട്രാഷ് 2 ആപ്ലിക്കേഷൻ വഴിയോ ഹയ്യ പോർട്ടൽ വഴിയോ വാഹനങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിലൂടെ അതിർത്തി കടന്നുള്ള യാത്ര കൂടുതൽ സുഗമമാക്കാമെന്നും അധികൃതർ അറിയിച്ചു.
The post ഖത്തറിലേക്ക് വരികയാണോ? അബു സംറ അതിർത്തിയിൽ വാഹന ഇൻഷുറൻസ് ഇനി ഓൺലൈൻ; ഫെബ്രുവരി 1 മുതൽ മാറ്റം appeared first on Express Kerala.



