
ഡൽഹി: രാജ്യം വലിയ ആവേശത്തോടെ വരവേറ്റ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് തുടങ്ങിയതിന് പിന്നാലെ യാത്രക്കാരുടെ പൗരബോധമില്ലായ്മ ചർച്ചയാകുന്നു. ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഹൗറ- ഗുവാഹത്തി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനുള്ളിൽ നിന്നുള്ള മാലിന്യങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
പുതുപുത്തൻ ട്രെയിനിന്റെ കോച്ചിനുള്ളിൽ ഭക്ഷണാവശിഷ്ടങ്ങളും പേപ്പർ കപ്പുകളും പ്ലാസ്റ്റിക് സ്പൂണുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ്. ട്രെയിനിന്റെ ഉദ്ഘാടന ദിവസം തന്നെ റെക്കോർഡ് ചെയ്തതെന്ന് കരുതപ്പെടുന്ന ഈ ദൃശ്യങ്ങൾ റെഡ്ഡിറ്റിലാണ് ആദ്യം പ്രചരിച്ചത്. “ഇത് നോക്കൂ, ഇത് റെയിൽവേയുടെ തെറ്റാണോ? സർക്കാരിന്റേതാണോ? അതോ നമ്മുടെ സ്വന്തം തെറ്റാണോ?”എന്ന ചോദ്യം ദൃശ്യം പങ്കുവെച്ചയാൾ ഉയർത്തുന്നു. ഇതോടെ ചർച്ച സോഷ്യൽ മീഡിയ ഏറ്റെടുത്തു.
Also Read: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; കാശ്മീർ മഞ്ഞിൽ പുതഞ്ഞു
സീറ്റിന് 10,000 രൂപ വരെ മുടക്കാൻ പണമുള്ളവർക്ക് പ്രാഥമികമായ ശുചിത്വ ബോധമില്ലാത്തത് കഷ്ടമാണ് എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ട്രെയിനിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് വലിയ തുക പിഴ ചുമത്തണമെന്നും ഭാവിയിൽ ഇവർക്ക് ബുക്കിംഗ് നിരോധിക്കണമെന്നും ചിലർ നിർദ്ദേശിച്ചു. നല്ല സൗകര്യങ്ങൾ ലഭിക്കാൻ നമ്മൾ അർഹരല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് പലരും നിരാശ പ്രകടിപ്പിച്ചത്.
ദീർഘദൂര യാത്രക്കാർക്കായി 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ 823 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. മണിക്കൂറിൽ 180 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ വിമാനത്തിന് മെച്ചപ്പെട്ട സുഖസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
The post ഉദ്ഘാടന ദിനത്തിൽ തന്നെ വന്ദേ ഭാരത് സ്ലീപ്പറിൽ മാലിന്യ കൂമ്പാരം; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം appeared first on Express Kerala.



