
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ നടക്കുന്ന പതിനൊന്നാമത് അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് (AIFF) ഈ ഉന്നത പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത്. സംവിധായകൻ അശുതോഷ് ഗൊവാരിക്കർ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെയാണ് ചലച്ചിത്രോത്സവം നടക്കുക. മേളയുടെ ഉദ്ഘാടന ദിനമായ ജനുവരി 28-ന് വൈകുന്നേരം 5.30-ന് എംജിഎം ക്യാമ്പസിലെ രുക്മിണി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ദേശീയ, അന്തര്‍ദേശീയ കലാകാരന്മാരും മറ്റ് തുറകളില്‍ നിന്നുള്ള പ്രമുഖരുമടക്കം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രൊസോണ്‍ മാളിലെ പിവിആര്‍ ഐനോക്സ് തിയറ്ററിലാണ് ചലച്ചിത്രോത്സവം നടക്കുക.
Also Read: അലിബാഗിൽ വീണ്ടും വൻ നിക്ഷേപവുമായി വിരാട് കോഹ്‌ലിയും അനുഷ്‌കയും; വാങ്ങിയത് 37.86 കോടിയുടെ ഭൂമി
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ വിസ്മയങ്ങൾ തീർക്കുന്ന ഇളയരാജ 1500-ലധികം ചിത്രങ്ങൾക്കായി 7000-ലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തെയും നാടോടി സംഗീതത്തെയും പാശ്ചാത്യ സിംഫണികളെയും ഒരേ ഈണത്തിൽ കോർത്തിണക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ലോകപ്രശസ്തമാണ്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഇന്നും അദ്ദേഹത്തിന്റെ സംഗീതം ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഇളയരാജയുടെ ഗാനങ്ങളാണ് പുതിയ ചിത്രങ്ങളില്‍ പഴയ കാലഘട്ടങ്ങളുടെ ആവിഷ്കരണത്തില്‍ സംവിധായകര്‍ പലപ്പോഴും ആശ്രയിക്കുന്നത്. അശുതോഷ് ഗൊവാരിക്കറെ കൂടാതെ നിരൂപക ലതിക പദ്ഗാവോങ്കർ, സുനിൽ സുക്തങ്കർ, ചന്ദ്രകാന്ത് കുൽക്കർണി എന്നിവരടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
The post 7000 ഗാനങ്ങൾ, 5 പതിറ്റാണ്ടുകൾ; ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം appeared first on Express Kerala.



