തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സിറ്റി സൈബർ പോലീസ് പിടികൂടി. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് അറസ്റ്റിലായത്. പഞ്ചാബിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ വലയിലാക്കിയത്. സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ചെക്ക് വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, ഡോക്ടറുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി പണം കൈക്കലാക്കി. പിന്നീട് തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഡോക്ടർ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Also Read: മന്ത്രവാദിയുടെ വാക്ക് കേട്ട് നരബലി! യുവാവിനെ സിലിണ്ടർ കൊണ്ട് അടിച്ചുകൊന്നു; സുഹൃത്തുക്കൾ അറസ്റ്റിൽ
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസിൻ്റെ നിർദേശപ്രകാരം എസ്ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാബിലെത്തി പ്രതിയെ പിടികൂടിയത്. പ്രതി ലൊക്കേഷൻ തുടർച്ചയായി മാറ്റിക്കൊണ്ടിരുന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പഞ്ചാബിലെ കൊടും തണുപ്പും പ്രതികൂല സാഹചര്യങ്ങളും വകവെക്കാതെ അഞ്ചുദിവസത്തോളം പ്രതിയെ പിന്തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കണ്ണൂരിലെത്തിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
The post ഡിജിറ്റൽ അറസ്റ്റ്! ഡോക്ടറുടെ പണം തട്ടിയ പ്രതി പഞ്ചാബിൽ കുടുങ്ങി appeared first on Express Kerala.



