
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ തോൽവിക്കിടയിലും തിളങ്ങിയ യുവതാരം ഹർഷിത് റാണയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ ക്രിസ് ശ്രീകാന്ത്. റാണയുടെ ബാറ്റിംഗ് കണ്ട് കിവീസ് താരങ്ങൾ ഗ്രൗണ്ടിൽ വിറച്ചുപോയെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ടെങ്കിലും ഹർഷിത് റാണയുടെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. വിരാട് കോഹ്ലി എന്ന ‘രാജാക്കന്മാരുടെ രാജാവ്’ ഒരുവശത്ത് നിലയുറപ്പിച്ചപ്പോൾ, മറുവശത്ത് റാണ നടത്തിയ പ്രകടനം തന്നെ അമ്പരപ്പിച്ചു കളഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. 43 പന്തിൽ നിന്ന് നാല് ഫോറും നാല് കൂറ്റൻ സിക്സറുമടക്കം 52 റൺസാണ് റാണ അടിച്ചുകൂട്ടിയത്.
Also Read: ഇന്ത്യയുടെ പുതിയ ‘അന്തകൻ’; ട്രാവിസ് ഹെഡിനെയും പിന്നിലാക്കി ഡാരിൽ മിച്ചലിന്റെ സംഹാരതാണ്ഡവം!
“വിരാട് കോഹ്ലിയുടെ ബാറ്റിംഗിനെക്കുറിച്ച് പറയാൻ വാക്കുകളില്ല, അദ്ദേഹം എപ്പോഴും വിസ്മയമാണ്. എന്നാൽ എന്നെ ശരിക്കും ഞെട്ടിച്ചത് ഹർഷിത് റാണയാണ്. അവൻ സിക്സറുകൾ പറത്തി തുടങ്ങിയപ്പോൾ കിവീസ് താരങ്ങൾ ശരിക്കും പേടിച്ചുപോയി. റൺറേറ്റ് 11-ന് അടുത്തായിരുന്ന ആ നിർണായക സമയത്ത് റാണയുടെ ബാറ്റിംഗ് കിവീസ് ക്യാപ്റ്റനെയും ബോളർമാരെയും പ്രതിരോധത്തിലാക്കി. അവനെ എങ്ങനെ തടയണമെന്നറിയാതെ അവർ കുഴങ്ങുന്നത് ഗ്രൗണ്ടിൽ കണ്ടു”, ക്രിസ് ശ്രീകാന്ത് പറഞ്ഞു.
വിരാട് കോഹ്ലിക്കൊപ്പം ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ റാണ, അസാമാന്യമായ കരുത്തോടെയാണ് പന്ത് അതിർത്തി കടത്തിയത്. തോൽവിക്കിടയിലും ഹർഷിത് റാണയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും ബാറ്റിംഗ് ഇന്ത്യക്ക് ശുഭസൂചനയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. നിതീഷ് കുമാർ റെഡ്ഡി അല്പം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ ഫലം മാറുമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
The post വിരാട് കോഹ്ലി വിസ്മയമാണ്! പക്ഷെ എന്നെ ഞെട്ടിച്ചത് ആ താരം; ക്രിസ് ശ്രീകാന്ത് appeared first on Express Kerala.



