
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വന്തം തട്ടകമായ പറവൂരിൽത്തന്നെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം കരുനീക്കങ്ങൾ സജീവമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായെന്ന വിലയിരുത്തലിനിടെ, എൻ.എസ്.എസ് – എസ്.എൻ.ഡി.പി സഖ്യത്തിന്റെ ഇടതുപക്ഷത്തോടുള്ള അടുപ്പം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
പ്രതിപക്ഷ നേതാവിനെതിരെ ഹൈന്ദവ സമുദായ സംഘടനകളെ അണിനിരത്തി പ്രതിരോധം തീർക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പോലും സതീശന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് തടസ്സമിടുക എന്ന തന്ത്രപരമായ നീക്കവും ഇതിന് പിന്നിലുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ള മറ്റ് കോൺഗ്രസ് നേതാക്കളെ പ്രകീർത്തിച്ച് ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയത് കോൺഗ്രസിനുള്ളിൽ സതീശനെ ഒറ്റപ്പെടുത്താനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
Also Read: അത് നടപ്പില്ല മോനേ സജി ചെറിയാനേ… സമുദായങ്ങൾ സംഘടനകളുടെ കുത്തകയല്ല! കെ. സുരേന്ദ്രന്റെ മറുപടി
പറവൂരിലെ പടയൊരുക്കം
1996-ലെ തോൽവിക്ക് ശേഷം 2001 മുതൽ പറവൂരിൽ സതീശൻ അജയ്യനായി തുടരുകയാണ്. എൽ.ഡി.എഫ് കോട്ടയായിരുന്ന പറവൂരിനെ യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാക്കി മാറ്റിയത് സതീശന്റെ വ്യക്തിപ്രഭാവമാണ്. നിലവിൽ സി.പി.ഐ മത്സരിക്കുന്ന ഈ മണ്ഡലം ഏറ്റെടുക്കാനോ, അതല്ലെങ്കിൽ ശക്തനായ ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനോ സി.പി.എം ആലോചിക്കുന്നുണ്ട്. വി.ഡി. സതീശനെ മണ്ഡലത്തിൽ കെട്ടിയിടാൻ സാധിച്ചാൽ സംസ്ഥാനമൊട്ടാകെയുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണത്തെ അത് ബാധിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.
The post പറവൂരിൽ സതീശനെ പൂട്ടാൻ സി.പി.എം; എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം ഇടതിനൊപ്പം? appeared first on Express Kerala.



