
കൊച്ചി: മലയാളി കരുത്തിൽ വളരുന്ന ഇന്ത്യൻ വിമാനക്കമ്പനിയായ ‘ഫ്ലൈ91’ കേരളത്തിലേക്ക് ചിറകുവിടർത്തുന്നു. ഫെബ്രുവരി 9 മുതൽ കൊച്ചിക്കും ലക്ഷദ്വീപിലെ അഗത്തിക്കുമിടയിൽ കമ്പനി പ്രതിദിന സർവീസ് ആരംഭിക്കും. കുന്നംകുളം സ്വദേശിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഈ കമ്പനി കേരളത്തിൽ ആദ്യമായാണ് പ്രവർത്തനം തുടങ്ങുന്നത്. നിലവിൽ മലയാളി ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനി എന്ന സവിശേഷതയും ഫ്ലൈ91-നുണ്ട്.
72 യാത്രക്കാരെ വഹിക്കാവുന്ന എടിആർ 72-600 (ATR 72-600) ടർബോപ്രോപ് വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ടൂറിസ്റ്റുകൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
അഗത്തി – കൊച്ചി: രാവിലെ 09:30-ന് പുറപ്പെട്ട് 10:50-ന് കൊച്ചിയിലെത്തും.
കൊച്ചി – അഗത്തി: രാവിലെ 11:20-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:45-ന് അഗത്തിയിലെത്തും.
നിലവിൽ ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എട്ട് നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിമാസം 600-ഓളം സർവീസുകളാണ് നടത്തുന്നത്. പുതിയ വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിക്ക് പിന്നാലെ വടക്കൻ കേരളത്തിന്റെ കവാടമായ കണ്ണൂർ വിമാനത്താവളത്തിലേക്കും സർവീസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്ന് സിഇഒ മനോജ് ചാക്കോ വ്യക്തമാക്കി.
വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യം തീരെ കുറവാണെന്നതാണ് ഫ്ലൈ91-ന്റെ പ്രധാന സവിശേഷത. പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനിടെ വെറും രണ്ട് സർവീസുകൾ മാത്രമാണ് കമ്പനിക്ക് മാറ്റിവെക്കേണ്ടി വന്നത്. യാത്രക്കാരെ ചൂഷണം ചെയ്യുന്ന രീതിയിലുള്ള അമിത നിരക്ക് ഈടാക്കില്ലെന്ന നയമാണ് കമ്പനി പിന്തുടരുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ പ്രതിസന്ധി സമയത്ത് മറ്റ് കമ്പനികൾ 23,000 രൂപ ഈടാക്കിയ റൂട്ടുകളിൽ പരമാവധി 8,000 രൂപയിൽ കൂടുതൽ വാങ്ങില്ലെന്ന് ഫ്ലൈ91 തീരുമാനിച്ചിരുന്നു.
അടുത്ത നാല് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം 30 ആക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗോവയ്ക്കും ഹൈദരാബാദിനും പുറമെ നോയിഡ, നവി മുംബൈ എന്നിവിടങ്ങളിലും പുതിയ ബേസുകൾ ആരംഭിക്കും. ഓരോ ബേസിന് കീഴിലും 10 നഗരങ്ങളെ വീതം ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ 50 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് മനോജ് ചാക്കോയും സംഘവും പദ്ധതിയിടുന്നത്. നിലവിൽ മൂന്നൂറിലധികം ജീവനക്കാരുള്ള കമ്പനിയിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 2025 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 2.59 ലക്ഷം യാത്രക്കാരാണ് ഈ മലയാളി കമ്പനിയുടെ ചിറകിലേറി യാത്ര ചെയ്തത്.
The post കേരളത്തിലേക്ക് പറക്കാൻ ‘ഫ്ലൈ91’; ലക്ഷദ്വീപ് യാത്രക്കാർക്ക് ഇനി കൊച്ചിയിൽ നിന്ന് എളുപ്പവഴി! appeared first on Express Kerala.



