
ഇൻഡോർ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. ഇന്ദോറിൽ നടന്ന അവസാന മത്സരത്തിൽ പൊരുതി നോക്കിയെങ്കിലും പരമ്പര 2-1ന് ന്യൂസിലൻഡ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ, യുവതാരം ഹർഷിത് റാണയുടെ അസാമാന്യ ബാറ്റിംഗ് മികവില്ലായിരുന്നെങ്കിൽ ഇന്ത്യ ഈ പരമ്പരയിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങുമായിരുന്നുവെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ഹർഷിത് റാണ. എന്നാൽ ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ തിളങ്ങി റാണ ഈ പരമ്പരയിൽ തന്റെ മൂല്യം തെളിയിച്ചുവെന്ന് ചോപ്ര പറഞ്ഞു. വഡോദരയിൽ നടന്ന ആദ്യ ഏകദിനത്തിൽ റാണ നേടിയ ആ നിർണ്ണായകമായ 29 റൺസ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ആദ്യ മത്സരമേ തോൽക്കുമായിരുന്നു. അങ്ങനെയെങ്കിൽ പരമ്പര 0-3 എന്ന നിലയിൽ ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
Also Read: വിരാട് കോഹ്‌ലി വിസ്മയമാണ്! പക്ഷെ എന്നെ ഞെട്ടിച്ചത് ആ താരം; ക്രിസ് ശ്രീകാന്ത്
ഇൻഡോറിലെ പടപോരാട്ടം ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ 41 റൺസിന് തോറ്റെങ്കിലും ഹർഷിത് റാണയുടെ പ്രകടനം എടുത്തു പറയേണ്ടതാണെന്ന് ചോപ്ര വ്യക്തമാക്കി. 43 പന്തിൽ 52 റൺസ് നേടിയ റാണ, വിരാട് കോഹ്‌ലിക്ക് മികച്ച പിന്തുണയാണ് നൽകിയത്. 44-ാം ഓവറിൽ റാണ പുറത്താകുമ്പോൾ വിരാടിനൊപ്പം 99 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് താരം കെട്ടിപ്പടുത്തിരുന്നു. റാണയുടെ ഈ അർദ്ധ സെഞ്ച്വറി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 100-150 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങുമായിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേർത്തു.
വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റ സാഹചര്യത്തിൽ ബാറ്റിംഗിൽ പ്രമോഷൻ ലഭിച്ച റാണ, നാല് ഫോറും നാല് സിക്സറുമടക്കമാണ് തന്റെ കന്നി ഏകദിന അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഹർഷിത് റാണ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ഇന്നിംഗ്‌സ് 296 റൺസിൽ അവസാനിക്കുകയും ന്യൂസിലൻഡ് ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരു ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തു.
The post കോഹ്‌ലിക്ക് പോലും കിട്ടാത്ത പിന്തുണ! ഹർഷിത് റാണ ഇല്ലെങ്കിൽ ഇന്ത്യയുടെ കഥ കഴിഞ്ഞേനെ; ആകാശ് ചോപ്ര appeared first on Express Kerala.



