
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്ര വിജയം ജനങ്ങളുടെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുന്ന ആർഎസ്എസ്-ബിജെപി രാഷ്ട്രീയത്തിനുള്ള ശക്തമായ മറുപടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊച്ചിയിൽ നടന്ന വിജയസംഗമത്തിൽ സംസാരിക്കവെ, ബിജെപിയും ആർഎസ്എസും തങ്ങളുടെ ആശയങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യത്ത് ഒരു സാംസ്കാരിക നിശബ്ദത സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയുടെ സ്വത്തും അഭിമാനവും ചുരുക്കം ചില വ്യക്തികളിലേക്ക് മാത്രം ഒതുക്കാൻ ജനാധിപത്യത്തെ നിശബ്ദമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും എന്നാൽ മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങിക്കേട്ട തിരഞ്ഞെടുപ്പായി ഇത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുമെന്നതിലാണ് കാര്യമെന്നും കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Also Read: പറവൂരിൽ സതീശനെ പൂട്ടാൻ സി.പി.എം; എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം ഇടതിനൊപ്പം?
നിലവിൽ ആയിരക്കണക്കിന് യുവാക്കൾ ജോലി ലഭിക്കാത്തതിനാൽ നാടുവിടാൻ നിർബന്ധിതരാകുന്ന അവസ്ഥയാണുള്ളത്. ജനങ്ങളുമായി ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാരായിരിക്കും കേരളത്തിൽ അധികാരത്തിൽ വരികയെന്നും ഈ ഉജ്ജ്വല വിജയത്തിന്റെ തുടർച്ചയായി നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് കേരളം ഭരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
The post യുവാക്കൾ നാട് വിടേണ്ടി വരുന്നത് ഗതികേട്; തൊഴിലില്ലായ്മ പരിഹരിക്കാൻ യുഡിഎഫ് വരുമെന്ന് രാഹുൽ ഗാന്ധി appeared first on Express Kerala.



