കുവൈത്ത്: അവധിക്ക് നാട്ടിൽ പോകാൻ തയ്യാറെടുത്തിരുന്ന ഏഷ്യൻ പ്രവാസിയുടെ കാറും പണവും കവർന്ന കുവൈത്തി പൗരൻ സാൽമിയ പോലീസിന്റെ പിടിയിലായി. ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്വദേശിയാണ് അറസ്റ്റിലായത്. നാട്ടിൽ പോകാനുള്ള ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് 640 ദിനാർ (ഏകദേശം 1.7 ലക്ഷം രൂപ) ചെക്ക് മാറി മടങ്ങുകയായിരുന്നു പ്രവാസി. യാത്രയ്ക്കിടെ കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി ടയർ ഷോപ്പിൽ കയറി. എൻജിൻ ഓഫാക്കാതെ കാർ നിർത്തിയിട്ട് കടയിൽ പണം നൽകാൻ പോയ തക്കം നോക്കി പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. കാറിനുള്ളിലായിരുന്നു പ്രവാസി ബാങ്കിൽ നിന്ന് മാറിയ പണവും സൂക്ഷിച്ചിരുന്നത്.
പരാതി ലഭിച്ച ഉടൻ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷണം ഊർജിതമാക്കി. ടയർ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാള പരിശോധനയും വഴി പ്രതിയെ തിരിച്ചറിഞ്ഞു. സാൽമിയ പോലീസ് നടത്തിയ റെയ്ഡിൽ പിടിയിലായ ഇയാൾ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച കാർ റുമൈത്തിയയിലെ ഒരു സഹകരണ സംഘത്തിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് പിന്നീട് കണ്ടെത്തി. ബാങ്കിൽ നിന്ന് ഇറങ്ങിയത് മുതൽ പ്രതി പ്രവാസിയെ പിന്തുടർന്നിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
The post ടയർ നന്നാക്കാൻ കയറി, നിമിഷനേരം കൊണ്ട് കാറും പണവും പോയി; കുവൈത്തിൽ പ്രവാസിയെ കൊള്ളയടിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ appeared first on Express Kerala.



