
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ നോർത്ത് സോൺ ഡി.ഐ.ജി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. യുവതിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയുണ്ടായ മാനസിക വിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പരസ്യപ്പെടുത്തിയതോടെ ദീപക് വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലായെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കമ്മീഷൻ നിരീക്ഷിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവരുടെ പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഈ കേസ് വിശദമായി പരിഗണിക്കും.
നിയമപോരാട്ടവുമായി രാഹുൽ ഈശ്വർ
സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വറും രംഗത്തെത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം യുവതിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വ്യാജ വീഡിയോ ആണെന്നും ദീപക്കിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ-സാമ്പത്തിക സഹായങ്ങളും തന്റെ ടീം വാഗ്ദാനം ചെയ്യുന്നതായും രാഹുൽ ഈശ്വർ വ്യക്തമാക്കി. ഒരു മെൻസ് കമ്മീഷൻ ആക്ടിവിസ്റ്റ് എന്ന നിലയിൽ ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.
The post ദീപക്കിന്റെ മരണം! യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പരാതി; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ appeared first on Express Kerala.



