loader image
അമേരിക്കയുടെ വിരൽ അനങ്ങിയാൽ പശ്ചിമേഷ്യ തിരിച്ചടിക്കും! ഭീഷണിപ്പെടുത്തിയാൽ തകരുമെന്ന് കരുതിയവർക്ക് തെറ്റി…ഇത് ഇറാനാണ് ഇവിടെ ഉള്ളത് ഖമേനിയും

അമേരിക്കയുടെ വിരൽ അനങ്ങിയാൽ പശ്ചിമേഷ്യ തിരിച്ചടിക്കും! ഭീഷണിപ്പെടുത്തിയാൽ തകരുമെന്ന് കരുതിയവർക്ക് തെറ്റി…ഇത് ഇറാനാണ് ഇവിടെ ഉള്ളത് ഖമേനിയും

റാൻ രാഷ്ട്രത്തിന്റെ പരമോന്നത നേതാവിനെ ലക്ഷ്യമിടുന്ന ഏതൊരു നീക്കവും അത് തുറന്ന സൈനികാക്രമണമാകട്ടെ അല്ലെങ്കിൽ രാഷ്ട്രീയ–രഹസ്യ ഇടപെടലാകട്ടെ ഇറാന്റെ കാഴ്ചപ്പാടിൽ അത് ഒരു പൂർണ്ണ യുദ്ധപ്രഖ്യാപനത്തിന് തുല്യമാണെന്നും, അത്തരമൊരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഇറാന്റെ പ്രതികരണം അത്യന്തം കഠിനവും ഖേദകരവുമായിരിക്കും എന്നുമായിരുന്നു ഇറാൻ ലോകസമൂഹത്തിന് മുന്നിൽ ഉയർത്തിയ മുന്നറിയിപ്പ്. അമേരിക്കയുമായുള്ള ബന്ധം അതീവ സംഘർഷത്തിലേക്കു നീങ്ങുകയും, രാജ്യവ്യാപകമായി സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ശക്തമായ നിലപാട് പുറത്തുവന്നത്.

ഈ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇറാൻ പ്രസിഡന്റ് മസൂദ് പേസ്‌ഷ്‌കിയാൻ ആയിരുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവായ ആയിത്തുള്ള അലി ഖമേനിയിയെ ലക്ഷ്യമിടുന്ന ഏതൊരു നീക്കവും ഇറാന്റെ അസ്തിത്വത്തോടുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര അശാന്തിയിൽ ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ സ്ഥിരത സംരക്ഷിക്കാൻ നിയമവും ശിക്ഷാനടപടികളും കൂടുതൽ ശക്തമാക്കേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നൽകി. ഇറാനിലെ നിലവിലെ പ്രതിസന്ധി ഒരു ആഭ്യന്തര പ്രശ്നമായി മാത്രം കാണാൻ കഴിയില്ലെന്നും, അതിന് ആഗോള രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്നും പെസെഷ്കിയാൻ ആവർത്തിച്ചു.

ഇറാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കും സാമൂഹിക അസ്ഥിരതകൾക്കും പ്രധാന കാരണം അമേരിക്കയും അതിന്റെ സഖ്യരാജ്യങ്ങളും വർഷങ്ങളായി ഏർപ്പെടുത്തിയ “മനുഷ്യത്വരഹിതമായ ഉപരോധങ്ങൾ” ആണെന്ന് പെസെഷ്കിയാൻ തുറന്നടിച്ചു. ഈ ഉപരോധങ്ങൾ ഒരു ഭരണകൂടത്തെ മാത്രം ലക്ഷ്യമിടുന്നതല്ല, മറിച്ച് സാധാരണ ഇറാനിയൻ ജനതയുടെ ജീവിതം തന്നെ ശ്വാസംമുട്ടിക്കുന്ന നിലയിലേക്കാണ് തള്ളിയതെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളിലെ തകരാറുകൾ ഇവയെല്ലാം ഉപരോധങ്ങളുടെ പ്രത്യാഘാതങ്ങളായി തെരുവുകളിൽ പ്രകടമാകുകയാണെന്നും, അതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്ക് ഇന്ധനം പകരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Also Read: ദീപക്കിനെ കൊലയ്ക്കു കൊടുത്തത് ‘വൈറൽ’ ഭ്രാന്ത്..? സോഷ്യൽ മീഡിയയിലെ കണ്ടന്റുകൾ ഇരുതല മൂർച്ചയുള്ള വാൾ

അതേസമയം, ഇറാന്റെ ഈ മുന്നറിയിപ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് നേരിട്ടുള്ള മറുപടിയായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാനിലെ പ്രതിഷേധങ്ങൾ കൂടുതൽ രൂക്ഷമാവുകയും, പ്രതിഷേധക്കാർ കൊല്ലപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താൽ അമേരിക്കൻ ഇടപെടൽ പരിഗണിക്കാമെന്ന മുന്നറിയിപ്പ് ട്രംപ് മുമ്പ് ആവർത്തിച്ചിരുന്നു. അന്തർദേശിയ മാധ്യമമായ പൊളിറ്റിക്കോയോട് നടത്തിയ അഭിമുഖത്തിൽ, “ഇറാനിൽ പുതിയ നേതൃത്വത്തെ അന്വേഷിക്കേണ്ട സമയമാണിത്” എന്ന് ട്രംപ് പറഞ്ഞത് ഇറാനെ കൂടുതൽ പ്രകോപിപ്പിച്ചു. നിലവിലെ ഇറാൻ നേതൃത്വം അധികാരം നിലനിർത്താൻ അക്രമത്തെയും അടിച്ചമർത്തലിനെയും ആശ്രയിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചതോടെ, അമേരിക്ക ഇറാൻ വാക്കേറ്റം കൂടുതൽ കടുപ്പമായി.

See also  ആയുധം വാങ്ങുന്നവരല്ല, വിൽക്കുന്നവർ! കൈയിലുള്ളത് മാക് 10 വേഗതയും റോബോട്ടിക് നായ്ക്കളും; ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ഇന്ത്യൻ പരീക്ഷണങ്ങൾ!

ഇതിനിടെ, ഇറാനിലെ യഥാർത്ഥ അവസ്ഥ അതീവ ഭീകരമാണെന്ന് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ദിവസങ്ങളായി തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ, സുരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 5,000 പേർ കൊല്ലപ്പെട്ടതായി ഒരു ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ കുർദിഷ് മേഖലകളിലാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുർദിഷ് വിഘടനവാദികളും സർക്കാർ സേനയും തമ്മിലുള്ള സംഘർഷങ്ങൾ, പല സ്ഥലങ്ങളിലും ആഭ്യന്തര യുദ്ധസമാനമായ അവസ്ഥ സൃഷ്ടിച്ചുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഈ കലാപങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന നിലപാടാണ് ഇറാൻ പരമോന്നത നേതാവ് സ്വീകരിക്കുന്നത്. സമീപ ദിവസങ്ങളിലായി നടത്തിയ പ്രസംഗങ്ങളിൽ ഖമേനി, അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പ്രതിഷേധങ്ങൾ വളർത്തുകയാണെന്ന് ആരോപിച്ചു. രാജ്യത്തിന്റെ അകത്തള സ്ഥിരത തകർക്കാൻ വിദേശ ശക്തികൾ “രാജ്യദ്രോഹികളായ” ചില ഘടകങ്ങളെ ഉപയോഗിക്കുകയാണെന്നും, അതാണ് അക്രമത്തിനും നാശനഷ്ടങ്ങൾക്കും വഴിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യൻ നിറങ്ങളിൽ തിളങ്ങുന്ന റഷ്യൻ കരുത്ത്; മെയ്ക്ക് ഇൻ ഇന്ത്യ’യുമായി കൈകോർക്കാൻ പുത്തൻ വിമാനങ്ങൾ എത്തുന്നു?

അമേരിക്കയുടെയും അതിന്റെ സഖ്യകക്ഷികളുടെയും വിരട്ടലുകളും വിലപേശലുകളും ഇറാനെ ഭയപ്പെടുത്തുമെന്ന തെറ്റിദ്ധാരണ ലോകം ഉപേക്ഷിക്കണമെന്ന് വ്യക്തമാക്കിയാണ് ഖമേനി വീണ്ടും ശക്തമായ നിലപാട് ആവർത്തിച്ചത്. തടവറകളിലെ പീഡനങ്ങളും വധശ്രമങ്ങളും അതിജീവിച്ചാണ് അദ്ദേഹം ഇറാന്റെ നേതൃത്വത്തിലെത്തിയതെന്നും, അതുകൊണ്ടുതന്നെ ഉപരോധങ്ങളോ സൈനിക ഭീഷണികളോ ഈ പേർഷ്യൻ രാഷ്ട്രത്തെ തളർത്തുമെന്ന കണക്കുകൂട്ടൽ ഇറാന്റെ ചരിത്രം അറിയാത്തവരുടെ തെറ്റായ വിലയിരുത്തലാണെന്നും രാഷ്ട്രീയ നിരീക്ഷകർ വാദിക്കുന്നു.

രാജഭരണത്തെയും വിദേശ ആധിപത്യത്തെയും ബാല്യകാലം മുതൽ ചോദ്യം ചെയ്ത ഖമേനി, 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം ഇറാന്റെ രാഷ്ട്രീയ ദിശ നിർണ്ണയിച്ച നേതൃനിരയിലേക്ക് ഉയർന്നു. പ്രസിഡന്റായും പിന്നീട് പരമോന്നത നേതാവായും അദ്ദേഹം നേരിട്ടത് തുടർച്ചയായ ആഭ്യന്തര കലാപങ്ങളും പാശ്ചാത്യ സമ്മർദ്ദങ്ങളുമായിരുന്നു. എന്നാൽ “ഭരണകൂടം തകർന്നുവീഴും” എന്ന പാശ്ചാത്യ പ്രവചനങ്ങളെ അതിജീവിച്ച്, ഇറാനെ സ്വയംപര്യാപ്തതയിലേക്കും ശക്തമായ പ്രതിരോധ ശേഷിയിലേക്കും നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദിശാബോധം.

See also  കണ്ണാടി കാണുമ്പോൾ ഒരു ‘ഗും’ വേണ്ടേ? പുരുഷന്മാർ അറിയേണ്ട 8 ഗ്രൂമിംഗ് വിദ്യകൾ

പലസ്തീൻ വിഷയത്തിൽ ഖമേനി സ്വീകരിച്ച ഉറച്ച നിലപാട് അദ്ദേഹത്തിന്റെ നേതൃത്വത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കി. വാക്കുകളിലൊതുങ്ങാത്ത പിന്തുണയിലൂടെ, സൈനികവും സാങ്കേതികവുമായ സഹായങ്ങൾ ഉൾപ്പെടുന്ന പ്രായോഗിക പ്രതിരോധമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇതിന്റെ ഫലമായി, ഇറാൻ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറിയതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Also Read: ഇന്ത്യൻ നിറങ്ങളിൽ തിളങ്ങുന്ന റഷ്യൻ കരുത്ത്; മെയ്ക്ക് ഇൻ ഇന്ത്യ’യുമായി കൈകോർക്കാൻ പുത്തൻ വിമാനങ്ങൾ എത്തുന്നു?

ഇന്നത്തെ സാഹചര്യത്തിൽ, ബെഞ്ചമിൻ നെതന്യാഹു, ഡോണാൾഡ് ട്രംപ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ ഖമേനിയെ നേരിട്ട് ലക്ഷ്യമിടുന്നത് ഒരു വ്യക്തിയെ മാത്രം പ്രതിപക്ഷത്തിലാക്കാനുള്ള ശ്രമമല്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. അമേരിക്കൻ–ഇസ്രയേൽ ശക്തികേന്ദ്രങ്ങൾക്ക് കീഴടങ്ങാതെ, സ്വന്തം രാഷ്ട്രീയ നിലപാടുകളും സുരക്ഷാ മുൻഗണനകളും സ്വയം നിർണ്ണയിക്കുന്ന ഒരു സ്വതന്ത്ര പശ്ചിമേഷ്യൻ പ്രതിരോധ അച്ചുതണ്ട് എന്ന ആശയമാണ് യഥാർത്ഥത്തിൽ വെല്ലുവിളിക്കപ്പെടുന്നത്. ഖമേനിയെ ദുർബലപ്പെടുത്തുക എന്നത്, ഒരു വ്യക്തിയെ മാറ്റിനിർത്തുന്നതിനേക്കാൾ കൂടുതൽ, ആ രാഷ്ട്രീയ ദർശനത്തെ തന്നെ അസ്ഥിരമാക്കാനുള്ള ശ്രമമായാണ് വായിക്കപ്പെടുന്നത്.

അതുകൊണ്ടുതന്നെ, ഖമേനിയുടെ കഥ ഒരു വ്യക്തിയുടെ അധികാരയാത്രയായി മാത്രം ചുരുക്കാൻ കഴിയില്ല. ഉപരോധങ്ങളും നയതന്ത്ര സമ്മർദ്ദങ്ങളും സൈനിക ഭീഷണികളും നേരിട്ട് അതിജീവിച്ച ഒരു രാഷ്ട്രത്തിന്റെ ദീർഘകാല പ്രതിരോധ അനുഭവങ്ങളുമായി ചേർന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വം. അടിയറവ് പറയാൻ വിസമ്മതിച്ച ചരിത്രവും, വിദേശ ആധിപത്യത്തെ ചോദ്യം ചെയ്ത രാഷ്ട്രീയ മനസ്സാക്ഷിയും ഈ നേതൃത്വത്തിലൂടെ തുടർച്ചയായി പ്രകടമാകുന്നു. വിരട്ടലുകളും വിലപേശലുകളും വഴിത്തിരിവുണ്ടാക്കുമെന്ന കണക്കുകൂട്ടലുകൾക്കിടയിലും, അടിയറവിനേക്കാൾ പ്രതിരോധം തെരഞ്ഞെടുത്ത ഒരു രാഷ്ട്രത്തിന്റെ മനോബലം തന്നെയാണ് ഇതിലൂടെ ലോകത്തോട് അറിയിക്കപ്പെടുന്നത്.

വീഡിയോ കാണാം….

The post അമേരിക്കയുടെ വിരൽ അനങ്ങിയാൽ പശ്ചിമേഷ്യ തിരിച്ചടിക്കും! ഭീഷണിപ്പെടുത്തിയാൽ തകരുമെന്ന് കരുതിയവർക്ക് തെറ്റി…ഇത് ഇറാനാണ് ഇവിടെ ഉള്ളത് ഖമേനിയും appeared first on Express Kerala.

Spread the love

New Report

Close