
ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞു. കഠിനമായ കാൽമുട്ട് വേദനയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്ന സൈന, 35-ാം വയസ്സിലാണ് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചത്. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്നും ആർത്രൈറ്റിസ് ബാധിച്ചതിനാൽ എട്ട് മണിക്കൂർ വരെ നീണ്ടിരുന്ന പരിശീലനം ഇപ്പോൾ രണ്ട് മണിക്കൂർ പോലും തുടരാനാകുന്നില്ലെന്നും താരം ഒരു പോഡ്‌കാസ്റ്റിലൂടെ വെളിപ്പെടുത്തി. ബാഡ്മിന്റൺ ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായ സൈനയുടെ വിരമിക്കൽ ഇന്ത്യൻ കായിക ലോകത്തിന് വലിയൊരു നഷ്ടമാണ്.
രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിൽ 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ നേടിയ വെങ്കല മെഡൽ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സൈന സ്വന്തമാക്കിയിട്ടുണ്ട്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വെല്ലുവിളിയായത്. എങ്കിലും അതിന് ശേഷം 2017-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടി താരം തിരിച്ചു വന്നിരുന്നു. 2023-ലെ സിംഗപ്പൂർ ഓപ്പണിലാണ് അവസാനമായി താരം കോർട്ടിലിറങ്ങിയത്. തന്റേതായ നിലപാടുകളോടെയാണ് ബാഡ്മിന്റണിലേക്ക് വന്നതെന്നും അതുകൊണ്ടുതന്നെ വലിയ ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ തന്നെ കളി നിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും സൈന വ്യക്തമാക്കി.
The post ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം മടങ്ങുന്നു; സൈന നെഹ്‌വാൾ വിരമിക്കൽ പ്രഖ്യാപിച്ചു appeared first on Express Kerala.



