
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവന തിരുത്തണമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെടും. കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് പരാമർശിച്ചു കൊണ്ട് മന്ത്രി നടത്തിയ വർഗീയ സ്വഭാവമുള്ള പ്രസ്താവന പാർട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചു എന്നാണ് പാർട്ടി വിലയിരുത്തൽ. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങളിൽ പാർട്ടി കേന്ദ്ര നേതൃത്വവും (പിബി) സംസ്ഥാന ഘടകത്തെ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
വിവാദം കത്തിപ്പടർന്ന ശേഷവും തന്റെ നിലപാടിനെ ന്യായീകരിക്കാൻ മന്ത്രി ശ്രമിച്ചത് ഗുരുതരമായ വീഴ്ചയായാണ് സിപിഐഎം കാണുന്നത്. നിരന്തരം വിവാദ പ്രസ്താവനകളിലൂടെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സജി ചെറിയാന്റെ ശൈലിക്കെതിരെ വിമർശനം ശക്തമാണ്. ജനറൽ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ മന്ത്രിയെ ന്യായീകരിക്കാൻ ശ്രമിച്ചത് ശരിയായില്ലെന്ന അഭിപ്രായവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ഇടതുപക്ഷ മൂല്യങ്ങൾക്ക് വിരുദ്ധമായ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് നേതൃത്വം.
Also Read: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു
കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം കാണാമെന്നും, ഓരോ സമുദായത്തിനും ഭൂരിപക്ഷമുള്ള ഇടങ്ങളിൽ ആ വിഭാഗത്തിൽപ്പെട്ടവർ മാത്രമേ ജയിക്കുന്നുള്ളൂ എന്നുമായിരുന്നു ആലപ്പുഴയിൽ വെച്ച് മന്ത്രി പറഞ്ഞത്. ഇത്തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങൾ ഇരുവിഭാഗങ്ങളെയും സംഘടിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഈ പരാമർശം പാർട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
The post ‘സജി ചെറിയാന്‍ തിരുത്തണം’: സിപിഐഎം appeared first on Express Kerala.



