വീഡിയോ പ്രചാരണം നിർണായകമെന്ന് സൂചന; അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ പ്രാഥമിക വിവരശേഖരണം നടത്തിയ ശേഷമാണ് യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദീപക്കിന്റെ ബന്ധുക്കളുടെ മൊഴിയും വീഡിയോ പ്രചരിപ്പിച്ച യുവതിയുടേയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങളും അതിന്റെ പശ്ചാത്തലവും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് അന്വേഷണസംഘം അറിയിച്ചു.
അതേസമയം, യുവതിയുടെ പരാതി വ്യാജമാണെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ പൊലീസ് നിയമപരമായി കേസെടുത്ത് മുന്നോട്ടുപോകുമെന്നും, ഒരു സംഭവത്തെ ആധാരമാക്കി എല്ലാ സംഭവങ്ങളെയും സാമാന്യവത്കരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നോർത്ത് സോൺ ഡി.ഐ.ജി. നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
<p>The post ലൈംഗികാരോപണത്തിന് പിന്നാലെ ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് first appeared on guruvayoorOnline.com | Guruvayur Temple.</p>


