കൊച്ചിയിലെ വിജയാഘോഷ വേദിയിൽ നിന്നുള്ള രാഷ്ട്രീയ പ്രഖ്യാപനം; കേരളത്തിലേക്ക് അധികാരമാറ്റത്തിന്റെ സൂചന
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രവിജയം നേടിയതോടെ കേരളത്തിൽ യുഡിഎഫിന്റെ ഭരണത്തിലേക്കുള്ള മുന്നേറ്റം ഉറപ്പായതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദം ശക്തമായി മുഴങ്ങിയ തെരഞ്ഞെടുപ്പായാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മാറിയതെന്നും അദ്ദേഹം വിലയിരുത്തി.കൊച്ചിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഭരണഘടനയുടെ സംരക്ഷണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആർഎസ്എസും ബിജെപിയും ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്നില്ലെന്നും, സ്വന്തം ആശയങ്ങൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശയപരമായും സാംസ്കാരികമായും ഒരു നിശബ്ദത സൃഷ്ടിക്കാനാണ് ബിജെപി–ആർഎസ്എസ് ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ സമ്പത്തും അഭിമാനവും വളരെ കുറച്ച് ആളുകളുടെ കൈകളിൽ മാത്രം ഒതുങ്ങണമെന്നാണ് ബിജെപിയുടെ രാഷ്ട്രീയ ദർശനമെന്നും, അതിന് എതിരായ ശക്തമായ പ്രതികരണമാണ് കേരളത്തിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളിയുടെ ശബ്ദം രാജ്യത്ത് ഉച്ചത്തിൽ കേൾപ്പിച്ച തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പ് മാറിയതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ചയാണെന്നും, അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാമെന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നതിനെക്കുറിച്ച് തുറന്ന ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏത് സർക്കാരും വിജയകരമാകണമെങ്കിൽ ജനങ്ങൾക്ക് കൈയ്യെത്തും ദൂരത്ത് ഭരണകൂടം ഉണ്ടാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് നേതൃത്വം കേരളത്തിലെ ജനതയുമായി കൂടുതൽ അടുത്ത് ഇഴുകിച്ചേരുമെന്നും, അവരുടെ പ്രശ്നങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുന്ന ഭരണസംവിധാനം രൂപപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
<p>The post ‘കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ പ്രഖ്യാപനം; കേരളത്തിൽ യുഡിഎഫ് സർക്കാർ വരും’ – രാഹുൽ ഗാന്ധി first appeared on guruvayoorOnline.com | Guruvayur Temple.</p>


