
പെരുമ്പാവൂർ വെങ്ങോലയിലെ കണ്ടത്തറയിൽ ലഹരിമാഫിയയുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം സഹിക്കവയ്യാതെ നാട്ടുകാർ നേരിട്ട് രംഗത്തിറങ്ങി. ‘ബംഗാൾ കോളനി’ എന്നറിയപ്പെടുന്ന അതിഥി തൊഴിലാളികളുടെ താമസമേഖലയിൽ ലഹരി ഉപയോഗവും അനാശ്യാസ പ്രവർത്തനങ്ങളും വർദ്ധിച്ചതോടെ, “കഞ്ചാവിനും മരുന്നിനുമായി ഇങ്ങോട്ട് വന്നാൽ തല്ലും” എന്ന കടുത്ത മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാണ് പ്രദേശം ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പ്രതിരോധം തീർക്കുന്നത്. പകൽസമയത്തുപോലും പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന സാഹചര്യം നിലനിന്നിരുന്ന ഇവിടെ, ജനകീയ പ്രതിഷേധം ശക്തമായതോടെ പോലീസും എക്സൈസും നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്.
പകൽ പോലും ഇറങ്ങിനടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നാട്ടുകാർ തന്നെ സംഘടിച്ചാണ് തുടക്കത്തിൽ ലഹരി വിരുദ്ധ സമിതിക്ക് രൂപം നൽകിയത്. ലഹരി വാങ്ങാനും സ്ത്രീകളെ അന്വേഷിച്ചും മറ്റുമെത്തുന്നവരെ കായികമായി തന്നെ നാട്ടുകാർ നേരിട്ടു തുടങ്ങി. ഇതിന്റെ അടുത്ത പടിയായാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ താമസിക്കുന്നതിന് തങ്ങൾ എതിരല്ലെന്ന് വെങ്ങോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എച്ച്.മുഹമ്മദ് പറയുന്നു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ അതിഥി തൊഴിലാളി താവളമായ പെരുമ്പാവൂർ കണ്ടത്തറയിലെ ‘ഭായ് കോളനി’ ഇന്ന് ലഹരി മാഫിയയുടെയും ക്രിമിനൽ സംഘങ്ങളുടെയും പ്രധാന താവളമായി മാറിയിരിക്കുകയാണ്. ലഹരിമരുന്ന് കച്ചവടവും അനാശ്യാസ പ്രവർത്തനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ നടക്കുന്നുവെന്നും, മറ്റ് ജില്ലകളിൽ നിന്ന് പോലും ലഹരി തേടി ആളുകൾ ഈ കേന്ദ്രത്തിലേക്ക് എത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. പോലീസും എക്സൈസും നിരന്തരം റെയ്ഡുകൾ നടത്തുന്നുണ്ടെങ്കിലും, ഈ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ അളവ് തടയാനാവാത്ത വിധം വർദ്ധിച്ചിട്ടുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.
അടുത്തിടെ ഈ കോളനി കേന്ദ്രീകരിച്ച് നടന്ന ലഹരി വേട്ടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. സുബീർ എന്ന സി.പി.ഒയുടെ ബന്ധുവിന്റെ കെട്ടിടത്തിൽ നിന്ന് ഒമ്പതര കിലോ കഞ്ചാവ് പിടികൂടിയതിനെത്തുടർന്ന് ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പത്ത് ലക്ഷം രൂപയുടെ ഹെറോയിനും പണം എണ്ണുന്ന യന്ത്രവും സലീന അലിയാർ എന്ന സ്ത്രീയിൽ നിന്ന് പിടികൂടിയതടക്കം നിരവധി വൻകിട ലഹരി കേസുകളാണ് ഈ ചെറിയ പ്രദേശത്ത് നിന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
The post ‘കഞ്ചാവ്, മരുന്ന്, പെണ്ണ്…വന്നാൽ തല്ലും, ഉറപ്പ്!’; ലഹരി മാഫിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് നാട്ടുകാർ appeared first on Express Kerala.



