
ഡൽഹി: ട്രാഫിക് സിഗ്നലിൽ റോസാപ്പൂക്കൾ വിറ്റിരുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രസാദ് നഗർ സ്വദേശിയായ 40-കാരൻ ദുർഗേഷിനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. മുന്നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും കിലോമീറ്ററുകളോളം പിന്തുടർന്നുമാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.
ജനുവരി 11-നാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പ്രസാദ് നഗർ സിഗ്നലിൽ പൂക്കൾ വിൽക്കുകയായിരുന്ന പെൺകുട്ടിയെ, കയ്യിലുള്ള മുഴുവൻ പൂക്കളും വിറ്റുതീർക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി ഓട്ടോയിൽ കയറ്റിയത്. തുടർന്ന് പ്രൊഫസർ രാം നാഥ് വിജ് മാർഗിന് സമീപമുള്ള ആളൊഴിഞ്ഞ വനപ്രദേശത്തെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ പെൺകുട്ടി അബോധാവസ്ഥയിലായതോടെ, കുട്ടി മരിച്ചുവെന്ന് കരുതി പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
പിന്നീട് ബോധം തെളിഞ്ഞ പെൺകുട്ടി അതുവഴി വന്ന ഒരാളുടെ സഹായത്തോടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. കടുത്ത മാനസികാഘാതത്തിലായിരുന്ന പെൺകുട്ടിക്ക് പ്രതിയെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ കൃത്യമായ സൂചനകൾ നൽകാൻ കഴിഞ്ഞിരുന്നില്ല.
Also Read: അശ്ലീല വീഡിയോകൾ വിറ്റു; മലപ്പുറത്ത് 20കാരൻ പിടിയിൽ
തുടർന്ന് 15 റൂട്ടുകളിലായി സ്ഥാപിച്ചിരുന്ന 300-ഓളം സിസിടിവി ക്യാമറകൾ പോലീസ് അരിച്ചുപെറുക്കി. ഒരു ദൃശ്യത്തിൽ പെൺകുട്ടി ഇ-റിക്ഷയിൽ കയറുന്നത് വ്യക്തമായതോടെയാണ് അന്വേഷണം പ്രതിയിലേക്ക് നീണ്ടത്. മുൻപും പലതവണ പെൺകുട്ടിയെ സിഗ്നലിൽ കണ്ടിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോകാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു. നിലവിൽ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സയും കൗൺസിലിംഗും നൽകിവരികയാണെന്ന് പോലീസ് അറിയിച്ചു.
The post ഡൽഹിയിൽ 11 വയസ്സുകാരിക്ക് നേരെ ക്രൂരത; പൂക്കൾ വിൽക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചുപേക്ഷിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ appeared first on Express Kerala.



