
കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ സൗര കൊടുങ്കാറ്റിന് ഭൂമി സാക്ഷ്യം വഹിച്ചു. ജനുവരി 19-നാണ് അതീവ അപൂർവ്വമായ ‘എസ്4’ വിഭാഗത്തിൽപ്പെട്ട ഈ പ്രപഞ്ച പ്രതിഭാസം രേഖപ്പെടുത്തിയത്. 2003 ഒക്ടോബറിൽ ഉണ്ടായ പ്രശസ്തമായ ‘ഹാലോവീൻ’ സൗരക്കാറ്റിന് ശേഷം ഇത്രയും ശക്തമായ ഒന്ന് ഇതാദ്യമാണെന്ന് അമേരിക്കയുടെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം സ്ഥിരീകരിച്ചു. സൂര്യനിൽ നിന്നുള്ള ഉയർന്ന ഊർജ്ജ കണികകൾ അതിവേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവഹിച്ചതാണ് ഈ പ്രതിഭാസത്തിന് കാരണമായത്.
സൗരക്കാറ്റുകളെ അവയുടെ തീവ്രതയനുസരിച്ച് എസ്1 മുതൽ എസ്5 വരെയായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ എസ്4 വിഭാഗം അതീവ ജാഗ്രത വേണ്ട ഒന്നാണ്. സാധാരണഗതിയിൽ ഇത്തരം കൊടുങ്കാറ്റുകൾ ഉപഗ്രഹങ്ങൾ, റേഡിയോ ആശയവിനിമയം, ബഹിരാകാശ സാങ്കേതിക വിദ്യകൾ എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഭൂമിയുടെ കരുത്തുറ്റ കാന്തികമണ്ഡലവും അന്തരീക്ഷവും ഈ റേഡിയേഷനുകളെ തടഞ്ഞുനിർത്തുന്നതിനാൽ മനുഷ്യർക്ക് നേരിട്ടുള്ള ആരോഗ്യ ഭീഷണികൾ ഒന്നുമില്ല. എങ്കിലും ഉയർന്ന ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെയും മറ്റും ഇത് ചെറിയ തോതിൽ സ്വാധീനിക്കാറുണ്ട്.
ഈ അതിശക്തമായ സൗരക്കാറ്റിന്റെ ഏറ്റവും മനോഹരമായ ഫലം ആകാശത്ത് ദൃശ്യമായ അതിശയകരമായ ധ്രുവദീപ്തിയാണ്. സൂര്യനിൽ നിന്നുള്ള കണികകൾ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോഴാണ് പച്ച, പിങ്ക്, പർപ്പിൾ നിറങ്ങളിൽ വർണ്ണാഭമായ വെളിച്ചം ഉണ്ടാകുന്നത്. സാധാരണയായി ഉത്തരാർദ്ധ ഗോളത്തിലെ ധ്രുവപ്രദേശങ്ങളിൽ മാത്രം കാണാറുള്ള ഈ കാഴ്ച, ഇത്തവണ സൗരക്കാറ്റിന്റെ തീവ്രത കൂടിയതിനാൽ മറ്റ് പല രാജ്യങ്ങളിലും ദൃശ്യമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിച്ചു.
The post ഭൂമിയെ വിസ്മയിപ്പിച്ച് ധ്രുവദീപ്തി; 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റ് രേഖപ്പെടുത്തി appeared first on Express Kerala.



