
അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘മങ്കാത്ത’ 14 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കുന്നത്. റീ-റിലീസിന് മുന്നോടിയായുള്ള പ്രീ-സെയിൽ കളക്ഷനിൽ വിജയ് ചിത്രം ‘ഗില്ലി’യുടെ റെക്കോർഡാണ് മങ്കാത്ത മറികടന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ആദ്യ ദിനം 2.25 കോടി രൂപയിലധികം പ്രീ-സെയിൽ കളക്ഷൻ മങ്കാത്ത നേടി. 2.15 കോടിയായിരുന്നു ഗില്ലിയുടെ പ്രീ-സെയിൽ റെക്കോർഡ്. ഇതോടെ തമിഴ്നാട്ടിൽ ഒരു റീ-റിലീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രീ-സെയിൽ എന്ന നേട്ടം അജിത് ചിത്രം സ്വന്തമാക്കി.
2011-ൽ അജിത്തിന്റെ അൻപതാമത് ചിത്രമായി പുറത്തിറങ്ങിയ മങ്കാത്തയിൽ അദ്ദേഹത്തിന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റീ-റിലീസ് ചെയ്ത ആദ്യ ദിനം ആഗോളതലത്തിൽ ചിത്രം 8 കോടിയോളം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജുൻ, തൃഷ, പ്രേംജി തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മിച്ചത്.
Also Read: ക്രൈം ഡ്രാമയുമായി ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്’ യു/എ സർട്ടിഫിക്കറ്റ്
അതേസമയം, അടുത്തിടെ റീ-റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘പടയപ്പ’യ്ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 11 കോടിയോളം നേടാൻ പടയപ്പയ്ക്ക് സാധിച്ചു. രജനിയുടെ തന്നെ മുൻ റീ-റിലീസുകളായ ബാബ (5.3 കോടി), ദളപതി (3.1 കോടി) എന്നിവയുടെ റെക്കോർഡുകൾ പടയപ്പ മറികടന്നിരുന്നു. നിലവിൽ റീ-റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമാണ് പടയപ്പ. എന്നാൽ പ്രീ-സെയിലിലെ കുതിപ്പ് മങ്കാത്തയെ പുതിയ റെക്കോർഡുകളിലേക്ക് എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
The post ബോക്സ് ഓഫീസിൽ അജിത് തരംഗം; ‘ഗില്ലി’യുടെ റെക്കോർഡ് തകർത്ത് ‘മങ്കാത്ത’ റീ-റിലീസ് appeared first on Express Kerala.



