
ഡിവൈഎസ്‌പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കി. 2016-ൽ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അന്നത്തെ ഡിവൈഎസ്‌പി പി.പി. സദാനന്ദനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ സുരേന്ദ്രൻ കുറ്റക്കാരനല്ലെന്ന് മജിസ്‌ട്രേറ്റ് മുഹമ്മദ് അലി ഷഹ്ഷാദ് വിധിച്ചു. അഡ്വ. എം. കിഷോറാണ് സുരേന്ദ്രനുവേണ്ടി കോടതിയിൽ ഹാജരായത്.
തലശ്ശേരി ഫസൽ വധക്കേസിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ പ്രതികളാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്‌പി പി.പി. സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവരെക്കൊണ്ട് അഴിയെണ്ണിക്കുമെന്ന് സുരേന്ദ്രൻ പോസ്റ്റിലൂടെ ഭീഷണി മുഴക്കിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ഇതിനെതിരെ പി.പി. സദാനന്ദൻ നൽകിയ പരാതിയിൽ പോലീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരുന്നത്. എട്ടു വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ സുരേന്ദ്രന് അനുകൂലമായ വിധി വന്നിരിക്കുന്നത്.
The post ഡിവൈഎസ്‌പിയെ ഭീഷണിപ്പെടുത്തിയ കേസ്; കെ. സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി appeared first on Express Kerala.



