
പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെ കുറ്റൂർ-മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള കട തുറക്കാനെത്തിയ ഉടമ ജയരാജനാണ് കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കടയ്ക്ക് പിന്നിലെ വീട്ടിൽ താമസിക്കുന്ന ജയരാജനും ഭാര്യ ഇന്ദുവും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ജനുവരി 17-ന് പൂണെ-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂരിനും ആലുവയ്ക്കും ഇടയിൽ വെച്ചാകാം മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുഞ്ഞ് മലയാളിയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. മാതാപിതാക്കളെ കണ്ടെത്തുന്നതിനായി എറണാകുളം റെയിൽവേ പോലീസ് കേസെടുത്ത് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിവരികയാണ്.
The post കുറ്റൂരിൽ തട്ടുകടയിൽ നവജാതശിശു; രക്ഷകനായി കടയുടമ appeared first on Express Kerala.



