ദാവോസ്: ലോകപ്രശസ്ത ബ്രാൻഡായ ആപ്പിളിന് സമാനമായി ഇന്ത്യക്ക് സ്വന്തമായി ഒരു സ്മാർട്ട്ഫോൺ ബ്രാൻഡ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിലാണ് ഇന്ത്യയുടെ ഈ വമ്പൻ ചുവടുവെപ്പിനെക്കുറിച്ച് മന്ത്രി സൂചന നൽകിയത്. അടുത്ത ഒന്നര വർഷത്തിനകം (18 മാസത്തിനുള്ളിൽ) ഭാരതത്തിന്റെ സ്വന്തം പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റം ഇപ്പോൾ കരുത്താർജ്ജിച്ചതായും സ്വന്തം ബ്രാൻഡും ഉപകരണങ്ങളും വികസിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാർട്ട്ഫോൺ നിർമ്മാണത്തിനാവശ്യമായ സങ്കീർണ്ണമായ പ്രക്രിയകളിൽ ഇന്ത്യ സ്വയംപര്യാപ്തത നേടിവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ചിപ്പ് നിർമ്മാണ രംഗത്തും വലിയ മുന്നേറ്റമാണ് രാജ്യം ലക്ഷ്യമിടുന്നത്. 2030-ഓടെ 7 നാനോമീറ്റർ ചിപ്പുകളും 2032-ഓടെ 3 നാനോമീറ്റർ ചിപ്പുകളും ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതി. ഇതിനായി നെതർലൻഡ്സ് ആസ്ഥാനമായുള്ള പ്രമുഖ ലിത്തോഗ്രഫി കമ്പനിയായ ASML-മായി സഹകരിക്കുന്ന കാര്യവും മന്ത്രി സൂചിപ്പിച്ചു. ഗുജറാത്തിലെ ധൊലേറയിൽ നിർമ്മിക്കുന്ന ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റിൽ ലോകോത്തര നിലവാരമുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വൺപ്ലസ് 16 വരുന്നു; 200 എംപി ക്യാമറയും കരുത്തുറ്റ ബാറ്ററിയും, വിപണി പിടിക്കാൻ പുതിയ ഫ്ലാഗ്ഷിപ്പ്
സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും കൈവരിച്ച മുന്നേറ്റം ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. നിലവിൽ വിദേശ ബ്രാൻഡുകളുടെ വെറും അസംബ്ലിങ് കേന്ദ്രം എന്നതിലുപരി, ഗവേഷണത്തിലും രൂപകൽപ്പനയിലും അധിഷ്ഠിതമായ ഒരു തദ്ദേശീയ ബ്രാൻഡ് നിർമ്മിക്കാനാണ് സർക്കാർ ഗൃഹപാഠം ചെയ്യുന്നത്. ചിപ്പ് നിർമ്മാണം മുതൽ സ്മാർട്ട്ഫോൺ ഡിസൈനിംഗ് വരെ ഇന്ത്യയിൽ തന്നെ നടക്കുന്നതോടെ ആഗോള വിപണിയിൽ ആപ്പിളിനോടും സാംസങ്ങിനോടും മത്സരിക്കാൻ ശേഷിയുള്ള ഒരു ഇന്ത്യൻ ബ്രാൻഡ് പിറവിയെടുക്കുമെന്നാണ് പ്രതീക്ഷ.
The post മൊബൈൽ വിപണിയിൽ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; സ്വന്തം ബ്രാൻഡ് ഉടൻ, പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി appeared first on Express Kerala.



