loader image
കേന്ദ്രത്തിന്റെ കടുത്ത ഗതാഗത നിയമങ്ങൾ കേരളത്തിൽ ഉടൻ നടപ്പാക്കില്ല; മന്ത്രി ഗണേഷ് കുമാർ

കേന്ദ്രത്തിന്റെ കടുത്ത ഗതാഗത നിയമങ്ങൾ കേരളത്തിൽ ഉടൻ നടപ്പാക്കില്ല; മന്ത്രി ഗണേഷ് കുമാർ

മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്കാരങ്ങൾ കേരളത്തിൽ ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. നിയമങ്ങൾ ലഘൂകരിക്കാനുള്ള സാധ്യതകൾ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയും ട്രാൻസ്‌പോർട്ട് കമ്മീഷണറും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള ക്രമീകരണങ്ങൾക്കായി മുഖ്യമന്ത്രിയുമായും ചർച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നു മാസം വരെ സസ്‌പെൻഡ് ചെയ്യാമെന്നതാണ് കേന്ദ്രത്തിന്റെ പ്രധാന നിർദ്ദേശം. അമിതവേഗത, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവയ്ക്ക് പുറമെ അനധികൃത പാർക്കിങ്, യാത്രക്കാരെ തടഞ്ഞുവെക്കൽ തുടങ്ങിയ 24 തരം നിയമലംഘനങ്ങൾ ഇതിനായി കണക്കാക്കും. എന്നാൽ, ലൈസൻസ് റദ്ദാക്കുന്നതിന് മുൻപ് ഡ്രൈവറുടെ വാദം കേൾക്കാനുള്ള അവസരം നൽകുമെന്നും മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഇതിനായി പരിഗണിക്കില്ലെന്നും ചട്ടത്തിലുണ്ട്.

Also Read: വാഹന വിപണിയിൽ വൻ വിപ്ലവം; ഇനി വരാനിരിക്കുന്നത് പുത്തൻ മോഡലുകളുടെ നീണ്ട നിര

See also  തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ ആക്‌സിലും ടയറും ഊരിത്തെറിച്ചു

പിഴയടയ്ക്കുന്ന കാര്യത്തിലും കേന്ദ്രം കർശന വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. നിയമലംഘനം നടത്തിയാൽ 45 ദിവസത്തിനുള്ളിൽ പിഴയടയ്ക്കണം. മൂന്ന് ദിവസത്തിനുള്ളിൽ ഓൺലൈനായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ ചലാനുകൾ കൈപ്പറ്റണം. നിശ്ചിത സമയത്തിനുള്ളിൽ പിഴയടയ്ക്കുകയോ കുറ്റക്കാരനല്ലെന്ന് തെളിയിക്കുകയോ ചെയ്തില്ലെങ്കിൽ ലൈസൻസും വാഹന രജിസ്‌ട്രേഷനും സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും. കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിച്ചാകും ഇക്കാര്യങ്ങളിൽ അന്തിമ വിജ്ഞാപനം പുറത്തിറക്കുക.

The post കേന്ദ്രത്തിന്റെ കടുത്ത ഗതാഗത നിയമങ്ങൾ കേരളത്തിൽ ഉടൻ നടപ്പാക്കില്ല; മന്ത്രി ഗണേഷ് കുമാർ appeared first on Express Kerala.

Spread the love

New Report

Close