
ഗുവാഹത്തിയിലെ ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇവർക്ക് പകരം പ്രമുഖ താരം ജസ്പ്രീത് ബുമ്രയും സ്പിന്നർ രവി ബിഷ്‌ണോയിയും പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. സന്ദർശക നിരയിൽ സക്കാറി ഫൗൾക്‌സിന് പകരം കെയ്ല്‍ ജാമിസൺ ടീമിൽ ഇടംപിടിച്ചു.
പരമ്പര ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യ വൻ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണർമാർ വേഗത്തിൽ പുറത്തായിട്ടും 209 റൺസ് എന്ന കൂറ്റൻ ലക്ഷ്യം വെറും 16 ഓവറിൽ മറികടന്നത് ടീമിന്റെ കരുത്ത് വിളിച്ചോതുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ തനതായ 360 ഡിഗ്രി ശൈലിയിലേക്ക് മടങ്ങിയെത്തിയതും, ഫോം കണ്ടെത്തിയ ‘പോക്കറ്റ് ഡൈനാമോ’ ഇഷാൻ കിഷന്റെ പ്രകടനവും ബാറ്റിംഗ് നിരയ്ക്ക് വലിയ മുതൽക്കൂട്ടാണ്. സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ എന്നിവർ ഉൾപ്പെടുന്ന മധ്യനിരയും മികച്ച ഫോമിലാണ്.
Also Read: ഐസിസിക്ക് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; ബഹിഷ്‌കരണ ഭീഷണി ഒടുവിൽ ടീം പ്രഖ്യാപനത്തിൽ അവസാനിച്ചു
ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഹർഷിത് റാണയും കുൽദീപ് യാദവും രവി ബിഷ്‌ണോയിയും അടങ്ങുന്ന നിര കിവീസ് ബാറ്റർമാരെ കുറഞ്ഞ സ്‌കോറിൽ തളച്ചിടാൻ പ്രാപ്തരാണ്. മറുഭാഗത്ത് ഡെവൻ കോൺവേയും മിച്ചൽ സാന്റ്‌നറും നയിക്കുന്ന ന്യൂസിലൻഡ് ടീം മികച്ച പോരാട്ടം കാഴ്ചവെച്ച് പരമ്പരയിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണെങ്കിലും ഇന്ത്യയുടെ നിലവിലെ പ്രകടനം ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യക്ക് സാധിക്കുമെന്ന ആരാധകരുടെ വിശ്വാസം ശരിവെക്കുന്ന തരത്തിലാണ് നിലവിലെ ടീമിന്റെ പ്രകടനം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലർത്തുന്ന ഈ ടീം ഗുവാഹത്തിയിലും വിജയം ആവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. സഞ്ജുവും സംഘവും തങ്ങളുടെ ആധിപത്യം തുടരുകയാണെങ്കിൽ ന്യൂസിലൻഡിനെതിരായ ഈ പരമ്പര ഇന്ത്യക്ക് അനായാസം സ്വന്തമാക്കാം.
The post പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഗുവാഹത്തിയിൽ കിവീസിനെതിരെ ടോസ് ഭാഗ്യം സൂര്യകുമാറിന് appeared first on Express Kerala.



