കുറച്ചു കാലങ്ങളായി മിഡിൽ ഈസ്റ്റിൽ പരസ്പര പോരാട്ടത്തിൻറെ കനല് പുകയുകയാണ്. ഒരു വശത്ത് ലോകപൊലീസായ അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ പടുകൂറ്റൻ വ്യൂഹങ്ങളുമായി നിലയുറപ്പിക്കുമ്പോൾ, മറുവശത്ത് പേർഷ്യൻ കരുത്തുമായി ഇറാൻ നിൽക്കുകയാണ്. അവിടെ അമേരിക്കയുടെ പക്കൽ പലവിധ യുദ്ധവിമാനങ്ങളുണ്ടെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം അത്യാധുനിക യുദ്ധക്കപ്പൽ ആയിട്ടുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ കപ്പലിൽ F-35C ലൈറ്റ്‌നിംഗ് II തന്നെ തിരഞ്ഞെടുത്തത് ഒരു കൃത്യമായ സന്ദേശമാണ്. ഒരു “അദൃശ്യ എൻഫോഴ്‌സ്‌മെന്റ്” എന്ന നിലയിലാണ് ഈ വിമാനങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്.
റഡാർ മുന്നറിയിപ്പുകൾ നൽകാതെ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പറന്നുയർന്ന് ഇറാന്റെ ഹൃദയഭാഗത്തേക്ക് തുളച്ചുകയറാൻ ഇവയ്ക്ക് സാധിക്കും എന്നതാണ് അമേരിക്കൻ വീരവാദം. ഒരു പൂർണ്ണ തോതിലുള്ള കരയുദ്ധം ഒഴിവാക്കി, കൃത്യമായ ലക്ഷ്യങ്ങളിൽ മാത്രം പ്രഹരമേൽപ്പിക്കാൻ (Surgical Strike) ശേഷിയുള്ള ഏക ആയുധമാണിത് എന്നുകൂടിയാണ് അമേരിക്ക പറഞ്ഞുവെക്കുന്നത്. ഐ.ആർ.ജി.സി (IRGC) കമാൻഡ് സെന്ററുകളെ റഡാറിൽ തെളിയാതെ തന്നെ തകർക്കാൻ ഇതിന്റെ ‘അദൃശ്യ’ രൂപം സഹായിക്കുകയും ചെയ്യുമെന്ന് അമേരിക്ക വിശ്വസിക്കുന്നു.
അതേസമയം ഇറാന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നത് ലോകപ്രശസ്തമായ റഷ്യൻ S-300PMU2-വും സ്വന്തമായി വികസിപ്പിച്ച ബവാർ-373 (Bavar-373) മിസൈൽ സംവിധാനങ്ങളുമാണ്. എന്നാൽ, എഫ്-35 സി-യുടെ അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യ ഈ പ്രതിരോധ സംവിധാനങ്ങളെ അന്ധമാക്കുന്നു എന്നാണ് അമേരിക്കൻ സൈനിക വിശകലന വിദഗ്ധർ പറയുന്നത്.
ഇറാനിയൻ റഡാറുകൾക്ക് കണ്ടെത്താനാകാതെ തന്നെ ഇറാനിലെ എല്ലാ പ്രതിരോധ നിരകളെയും നിരീക്ഷിക്കാനുള്ള “വൺ-വേ സുതാര്യത” (One-way Transparency) അമേരിക്കയ്ക്ക് ഈ വിമാനങ്ങൾ നൽകുന്നുണ്ടെന്നും ഇറാൻ കോടിക്കണക്കിന് ഡോളർ മുടക്കി നിർമ്മിച്ച ആധുനിക പ്രതിരോധ ഗ്രിഡുകളെ കേവലം പഴഞ്ചൻ ഇരുമ്പ് കഷണങ്ങളാക്കി മാറ്റാൻ ഈ അത്യാധുനിക ആയുധത്തിന് സാധിക്കുമെന്ന അമിത ആത്മവിശ്വാസത്തിൽ കൂടിയാണ് അമേരിക്ക നിലയുറപ്പിച്ചിട്ടുള്ളത്.
വെറും പൈലറ്റുമാരല്ല ഇതിന് പിന്നിലുള്ളത്; ‘ബ്ലാക്ക് നൈറ്റ്‌സ്’ എന്നറിയപ്പെടുന്ന VMFA-314 യൂണിറ്റിലെ പൈലറ്റുമാരാണ് ലിങ്കണിൽ ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. 2024-2025 കാലഘട്ടത്തിൽ നടന്ന യുദ്ധങ്ങളിൽ പങ്കെടുത്ത് പരിചയസമ്പന്നരായ ഇവർ, ശത്രുക്കളുടെ ‘റെഡ് സോണിൽ’ കയറി ആക്രമണം നടത്താൻ പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ്. ഇറാൻ പോലുള്ള ജനസാന്ദ്രതയുള്ള മേഖലകളിൽ ആക്രമണം നടത്തുമ്പോൾ ഒരു “ബാറ്റിൽഫീൽഡ് ക്വാർട്ടർബാക്ക്” ആയി എഫ്-35 സി പ്രവർത്തിക്കുന്നു.
ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങളെ തിരിച്ചറിയുകയും ആ വിവരങ്ങൾ തത്സമയം അമേരിക്കൻ കപ്പലുകളായ യുഎസ്എസ് മൈക്കൽ മർഫിയിലേക്കോ യുഎസ്എസ് സ്പ്രൂയൻസിലേക്കോ കൈമാറുകയും ചെയ്യുന്നു. ഇത് 100 ശതമാനം കൃത്യതയോടെ ടോമാഹോക്ക് മിസൈലുകൾ പ്രയോഗിക്കാൻ അമേരിക്കയെ സഹായിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് അമേരിക്കൻ യുദ്ധ തന്ത്രം എന്നത് ആർക്കും പകൽ പോലെ വ്യക്തമാണ്.
അതേസമയം അങ്ങനെ ഒരു നീക്കം അമേരിക്ക നടത്തിയാൽ, എഫ്-35 സി-യുടെ AN/APG-81 AESA റഡാറുകൾക്കും ഡിസ്ട്രിബ്യൂട്ടഡ് അപ്പർച്ചർ സിസ്റ്റത്തിനും (DAS) ഇറാന്റെ കാവൽ പർവ്വതങ്ങൾക്കിടയിലൂടെയും ആ മണ്ണിലേക്ക് നുഴഞ്ഞു കയറാമെന്നും ഉപഗ്രഹങ്ങൾക്ക് പോലും കാണാൻ കഴിയാത്ത മറഞ്ഞിരിക്കുന്ന ആയുധപ്പുരകളെ 24/7 നിരീക്ഷണ വലയത്തിലാക്കി മുട്ടുകുത്തിക്കാൻ കഴിയുമെന്നും അമേരിക്ക വാദിക്കുന്നു. 2026 ജനുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം തങ്ങളുടെ തലേഗാൻ 2 ആണവ കേന്ദ്രത്തെ കോൺക്രീറ്റ് കവചത്തിനുള്ളിലാക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ട്.
ഈ കടുപ്പമേറിയ കോൺക്രീറ്റ് പാളികൾ തകർക്കാൻ ശേഷിയുള്ള ‘ബങ്കർ-ബസ്റ്റർ’ ബോംബുകൾ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാൻ എഫ്-35 സി അല്ലാതെ അമേരിക്കയുടെ പക്കൽ മറ്റൊരു വിമാനവുമില്ല എന്നതാണ് മറ്റൊരു വസ്തുത, അതായത് ഈ ആയുധം പരാജയപ്പെട്ടാൽ പിന്നെ പ്രയോഗിക്കാനും പിടിച്ചു നിൽക്കാനും മറ്റൊരു തൂണില്ലെന്ന് സാരം.
അറേബ്യൻ കടലിലെ തുറന്ന സുരക്ഷിത മേഖലയിൽ ലിങ്കൺ കപ്പലിനെ നിലനിർത്തിക്കൊണ്ട് തന്നെ ആക്രമണം നടത്താം എന്നതാണ് അമേരിക്ക കാണുന്ന മറ്റൊരു പ്ലസ് പോയിന്റ്. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ഡ്രോൺ ബോട്ടുകളുടെ ആക്രമണപരിധിയിൽ വരാതെ തന്നെ ഇറാന്റെ ഹൃദയഭാഗത്തേക്ക് പറന്നെത്താൻ എഫ്-35 സി-ക്ക് ദൈർഘ്യമേറിയ ദൂരപരിധിയുണ്ട്. ഇത് അമേരിക്കൻ നാവികസേനയുടെ റിസ്ക് കുറയ്ക്കുമെന്നും അമേരിക്ക കണക്കുകൂട്ടുന്നു.
എങ്കിലും, ഇത്രയേറെ സന്നാഹങ്ങൾ കൊണ്ട് ഇറാനെ തകർക്കാനാകുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. അമേരിക്ക എത്രതന്നെ സാങ്കേതിക വിദ്യകൾ നിരത്തിയാലും ഇറാന്റെ പക്കൽ ചില ‘സർപ്രൈസുകൾ’ എപ്പോഴും ഉണ്ടാകാറുണ്ട്. ചരിത്രപരമായി, പുറമെ നിന്നുള്ള ആക്രമണങ്ങൾ ഇറാന്റെ ആഭ്യന്തര ഐക്യത്തെ ശക്തിപ്പെടുത്തുകയാണ് പതിവ്.
അമേരിക്ക ഉയർത്തുന്ന ഈ ഭീഷണി ഒരു പക്ഷേ ഇറാനെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിക്കുകയേ ഉള്ളൂ. അത്യാധുനികമായ എഫ്-35 സി വിമാനങ്ങൾക്കും ലിങ്കണിനും ഇറാനിലെ ജനതയുടെ പോരാട്ടവീര്യത്തെ കീഴടക്കാൻ കഴിയുമോ എന്നതും കണ്ടറിയണം. സാങ്കേതികതയുടെ മികവിൽ അമേരിക്ക വിശ്വസിക്കുമ്പോൾ, സ്വന്തം മണ്ണിലെ പ്രതിരോധ തന്ത്രങ്ങളിലാണ് ഇറാന്റെ വിശ്വാസം. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങൾ കൈവശമുണ്ടായിട്ടും വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലും കണ്ടതുപോലെ, ഒരു ജനതയെ പൂർണ്ണമായും തോൽപ്പിക്കുക എന്നത് അസാധ്യമായ കാര്യമാണ്.
ലോകത്തെ എത്ര വലിയ വൻശക്തികൾ അണിനിരന്നാലും ഇറാൻ എന്ന പേർഷ്യൻ കരുത്തിനെ തൊടുക എന്നത് അസാധ്യമായ ഒന്നാണെന്ന് പ്രതിരോധ വിദഗ്ധർ പോലും അടിവരയിട്ടു ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പ്രധാന കാരണം ഇറാന്റെ അതിസങ്കീർണ്ണമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടിയാണ്. ഒരു വലിയ കോട്ട പോലെ ഇറാനെ പൊതിഞ്ഞു നിൽക്കുന്ന ‘സാഗ്രോസ്’ (Zagros) പർവ്വതനിരകൾ ഏതൊരു വിദേശ സൈന്യത്തിനും കടക്കാൻ കഴിയാത്ത പ്രതിരോധ കവചമാണ്. മലനിരകൾക്കുള്ളിലെ നൂറുകണക്കിന് കിലോമീറ്റർ നീളമുള്ള ‘മിസൈൽ സിറ്റികൾ’ അമേരിക്കയുടെ ബങ്കർ-ബസ്റ്റർ ബോംബുകൾക്ക് പോലും തകർക്കാനാവാത്ത വിധം സുരക്ഷിതമാണ്.
ഭൂമിശാസ്ത്രത്തിന് പുറമെ, ഇറാന്റെ അസമമായ യുദ്ധമുറകൾ (Asymmetric Warfare) അമേരിക്കയെ വെള്ളം കുടിപ്പിക്കും. ഹോർമുസ് കടലിടുക്കിലെ ഇടുങ്ങിയ പാതകളിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളെ വളയാൻ ശേഷിയുള്ള ആയിരക്കണക്കിന് ചടുലമായ ഡ്രോൺ ബോട്ടുകൾ ഇറാന്റെ പക്കലുണ്ട്. ഒരു യുദ്ധമുണ്ടായാൽ ലോകത്തെ എണ്ണവ്യാപാരത്തിന്റെ സിരകൾ നിമിഷനേരം കൊണ്ട് അടച്ചുപൂട്ടാൻ ഇറാന് കഴിയും. കൂടാതെ, മേഖലയിലുടനീളമുള്ള ഇറാന്റെ സഖ്യശക്തികൾ (Axis of Resistance) ഒരേസമയം അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാൽ അത് പശ്ചിമേഷ്യയിൽ അമേരിക്കയുടെ അന്ത്യത്തിന് തന്നെ കാരണമായേക്കാം.
അമേരിക്കയുടെ പക്കൽ അത്യാധുനിക സാങ്കേതികവിദ്യ ഉണ്ടെങ്കിൽ, ഇറാന്റെ പക്കൽ സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രതിരോധ ബുദ്ധിയും അടിയുറച്ച പോരാട്ടവീര്യവുമുണ്ട്. ഉപരോധങ്ങൾക്കിടയിലും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക റഡാർ വിരുദ്ധ മിസൈലുകളും ഹൈപ്പർസോണിക് കരുത്തും ഇറാനെ ഒരു ‘അജയ്യ ശക്തി’യാക്കി മാറ്റുന്നു. ചുരുക്കത്തിൽ, ഇറാനെതിരെ ഒരു നീക്കം നടത്തുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സ്വയം നാശം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും.
The post ‘എബ്രഹാം ലിങ്കൺ’ കടലിൽ കിടക്കുന്നത് മീൻ പിടിക്കാനോ? അമേരിക്കൻ കണക്കുകൂട്ടലുകൾ കടലിൽ കലങ്ങും! പേർഷ്യൻ മടയിൽ പെട്ടാൽ ട്രംപിന്റെ കിളി പോവും appeared first on Express Kerala.



